കര്‍ണാടക ബി.ജെ.പിയില്‍ പിടിമുറുക്കാന്‍ റെഡ്ഡി സഹോദരന്മാര്‍
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ ബി.ജെ.പിയില്‍ പിടിമുറുക്കാനൊരുങ്ങി റെഡ്ഡി സഹോദരന്മാര്‍. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ 300ഓളം വരുന്ന അനുയായികളുടെ രഹസ്യ യോഗം റെഡ്ഡിമാരുടെ ഫാം ഹൗസില്‍ ചേര്‍ന്നു.
തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് രഹസ്യ യോഗം ചേര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട യോഗമായിരുന്നില്ല ഇതെന്നാണ് റെഡ്ഡി സഹോദരന്മാരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
50,000 കോടിയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ജനാര്‍ദ്ദന്‍ റെഡ്ഡി പുറത്തിറങ്ങിയതോടെയാണ് പുതിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഭരണ കക്ഷിയായ കോണ്‍ഗ്രസിനെ എന്ത് വിലകൊടുത്തും താഴെയിറക്കുകയെന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി ദേശീയ നേതൃത്വം ജനാര്‍ദ്ദന്‍ റെഡ്ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രി ആര്‍. രാമലിംഗ റെഡ്ഡി എന്നിവരെ ഏതുനിലക്കും അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ജനാര്‍ദ്ദന്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടത്. ഇത് ശരിയാണെങ്കില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും ബി.ജെ.പിക്കും ജീവന്‍ മരണ പോരാട്ടമാണ്.
2008ല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ ആദ്യമായി ബി.ജെ.പി അധികാരത്തിലേറാന്‍ സാഹചര്യമൊരുക്കിയത് റെഡ്ഡി സഹോദരന്മാരുടെ പണവും മസിലുമായിരുന്നു. എന്നാല്‍ ഖനി ഇടപാടില്‍ അഴിമതി കണ്ടെത്തിയതോടെയാണ് റെഡ്ഡി സഹോദരന്മാരിലൊരാളായ ജനാര്‍ദ്ദന്‍ റെഡ്ഡി ജയിലഴിക്കുള്ളിലായത്. ഏതാണ്ട് നാല് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ റെഡ്ഡി വീണ്ടും ബി.ജെ.പിക്ക് ശക്തമായ പിന്തുണയുമായാണ് രംഗത്തെത്തിയത്.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ ഇടപെടല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് കണ്ട് അദ്ദേഹത്തെ ബി.ജെ.പി പുറത്താക്കിയിരുന്നു. എന്നിരുന്നാലും തെരഞ്ഞെടുപ്പില്‍ ജനാര്‍ദ്ദന്‍ റെഡ്ഡിയെ പിന്തുണക്കുന്ന ബി. ശ്രീരാമുലുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ബി.എസ്.ആര്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മൂന്ന് സീറ്റുകള്‍ നേടുകയും ചെയ്തു. 2014ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ യദ്യൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടി(കെ.ജെ.പി)യും ബി.എസ്.ആര്‍ കോണ്‍ഗ്രസും ബി.ജെ.പിയില്‍ ലയിച്ചതോടെ 28 ലോക് സഭാ സീറ്റുകളില്‍ 17 എണ്ണം നേടി ബി.ജെ.പി വിജയിച്ചിരുന്നു. എന്നിട്ടും റെഡ്ഡി സഹോദരന്മാരായ ജനാര്‍ദ്ദന്‍ റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുമായി അടുക്കാന്‍ ബി.ജെ.പി ഭയപ്പെട്ടിരുന്നു.
ജയില്‍ മോചിതനായ ജനാര്‍ദ്ദന്‍ റെഡ്ഡി, താന്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് സംസ്ഥാന നേതൃത്വം അംഗീകരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ജനാര്‍ദ്ദന്‍ റെഡ്ഡിയെ തിരിച്ചെടുത്തിട്ടില്ലെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പറയുന്നത്.
2016ല്‍ 500 കോടി രൂപ ചെലവിട്ട് ജനാര്‍ദ്ദന്‍ റെഡ്ഡി മകളുടെ വിവാഹം നടത്തിയതും ഇതില്‍ ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയ റെഡ്ഡി സഹോദരന്മാരെ ഇരുകൈയ്യും നീട്ടി അമിത് ഷായുടെ നേതൃത്വത്തില്‍ സംസ്ഥാന രാഷ്ടീയത്തിലേക്ക് വീണ്ടും കൊണ്ടുവരാനുള്ള ശ്രമം സംസ്ഥാന നേതൃത്വത്തില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ ഈശ്വരപ്പ-യദ്യൂരപ്പ വിഭാഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നതിനിടയിലാണ് റെഡ്ഡി സഹോദരന്മാരും വീണ്ടും ബി.ജെ.പിയെ നയിക്കാനെത്തുന്നത്. ഇത് കനത്ത തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് ബി.ജെ.പി നേതാക്കളില്‍ ചിലര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."