സഹ. സംഘങ്ങളില്‍ അക്കൗണ്ടിങ്ങിന് ഏകീകൃത സോഫ്റ്റ്‌വെയര്‍ വരുന്നു
തൊടുപുഴ: സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ അക്കൗണ്ടിങ്ങിന് ഏകീകൃത സോഫ്റ്റ്‌വെയര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു. ഇതിനായി റിസര്‍വ് ബാങ്കിന് നേരിട്ട് നിയന്ത്രണമുള്ള ഇഫ്താസിനെ (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് അലൈഡ് സര്‍വിസസ്) ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇഫ്താസ് സമര്‍പ്പിച്ച പ്രൊപ്പോസല്‍ പരിഗണിക്കുന്നതിനും സോഫ്റ്റ്‌വെയറിന്റെ സാങ്കേതികത, മുതല്‍മുടക്ക്, ആവര്‍ത്തനച്ചെലവ്, സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സമയപരിധി, വാണിജ്യപരമായ നിബന്ധനകള്‍ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനും രണ്ടംഗ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഐ.ടി വകുപ്പ് സെക്രട്ടറി ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുമെന്ന് സഹകരണ കോണ്‍ഗ്രസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.
ഏകീകൃത സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അതിന്റെ വിവിധ വശങ്ങളും കേരളത്തിലെ സഹകരണ മേഖലയുടെ തനത് ആവശ്യങ്ങളും പരിഗണിച്ച് ഇഫ്താസ് സമര്‍പ്പിച്ച പ്രൊപ്പോസലും കേന്ദ്രസര്‍ക്കാര്‍ നബാര്‍ഡ് മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിര്‍ദേശങ്ങളും പരിശോധിച്ച് ഉചിതമായ ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു സെക്രട്ടറിതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ആര്‍.ബി.ഐ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി (ഐ.ഡി.ആര്‍.ബി.ടി)യുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ഇഫ്താസ്. രാജ്യത്തെ ബാങ്കുകള്‍ക്ക് വേണ്ടി ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി സംവിധാനം നടപ്പാക്കുന്നത് ഇഫ്താസാണ്. ഐ.ടി സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പ്രഥമ പരിഗണനയാണ് ഇഫ്താസിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."