ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത സംഭവം; ഡല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍ പൊലിസ് പരിശോധന
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയ്യേറ്റം ചെയ്തുവെന്ന കേസില്‍ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിയ പൊലിസ് ഇവിടെ സ്ഥാപിച്ച 21 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ചീഫ് സെക്രട്ടറിക്കുനേരെ കൈയ്യേറ്റമുണ്ടായത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലിസ് എ.എ.പി എം.എല്‍.എമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം തന്റെ വീട് പരിശോധിച്ചതുപോലെ സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ചോദ്യം ചെയ്യുമോയെന്ന് കെജ്്‌രിവാള്‍ ചോദിച്ചു.
ഡല്‍ഹിയിലെ വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് മന്ത്രിമാര്‍ അവസരം ചോദിച്ചിട്ടും അത് നല്‍കാന്‍ തയാറാകുന്നതിനു പകരം തന്റെ വീട് റെയ്ഡ് ചെയ്യാന്‍ പൊലിസിനെ അയക്കുകയാണുണ്ടായതെന്നും കെജ്്‌രിവാള്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വസതിയില്‍ 70 പൊലിസുകാരാണ് പരിശോധനക്ക് എത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള മുഴുവന്‍ തെളിവുകളും ശേഖരിച്ചതായി അഡീഷണല്‍ ഡി.സി.പി ഹരീന്ദര്‍ സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."