മാണിക്ക് അകത്തുകയറാന്‍ സെമിനാര്‍ പടി പോരാ
അടുത്തകാലം വരെ സി.പി.എമ്മിന്റെ കണ്ണില്‍ ബാര്‍കോഴക്കാരനും നോട്ടെണ്ണല്‍ യന്ത്രത്തിന്റെ ഉടമയുമൊക്കെയായിരുന്ന കെ.എം മാണി പാര്‍ട്ടിസമ്മേളനത്തിലെ ഇന്നലത്തെ പ്രധാനതാരമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ വേദിയില്‍ മാണി ഇടതുമുന്നണിയിലേക്കുള്ള തന്റെ പ്രവേശനത്തിനു പ്രധാന വിലങ്ങുതടിയായി നില്‍ക്കുന്ന കാനം രാജേന്ദ്രനോടൊപ്പം വേദിയിലിരിക്കുന്നത് മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതു സ്വാഭാവികം. സെമിനാറില്‍ പങ്കെടുക്കുന്നതിനു രാഷ്ട്രീയബന്ധമില്ലെന്നൊക്കെ മാണി പറയുന്നുണ്ടെങ്കിലും കാണുന്നവര്‍ക്കൊക്കെ അറിയാം തേക്കിന്‍കാടു മൈതാനിയില്‍ ഒരുങ്ങിയതു വെറുമൊരു വേദിയല്ല, ഒരു പാലം തന്നെയാണെന്ന്.
ഭാവിയില്‍ സംഭവിച്ചേക്കുമെന്നു പ്രതീക്ഷിക്കുന്ന രാഷ്ട്രീയബന്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ത്തന്നെയാണു സി.പി.എം നേതാക്കള്‍ മാണിയെ സെമിനാറിനു ക്ഷണിച്ചത്. അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. സെമിനാറില്‍ മാണിക്കു പുറമെ പങ്കെടുത്ത കാനവും മാത്യു ടി. തോമസും ആര്‍. ബാലകൃഷ്ണപിള്ളയും കടന്നപ്പള്ളി രാമചന്ദ്രനും ടി.പി പീതാംബരന്‍ മാസ്റ്ററുമൊക്കെ സി.പി.എമ്മിന്റെ സഖ്യകക്ഷികളുടെ നേതാക്കളാണ്. അവര്‍ക്കൊപ്പം മാണിക്കു കിട്ടിയ ഇരിപ്പിടത്തിനു രാഷ്ട്രീയമില്ലെന്ന് ആരും കരുതുന്നില്ല.
എന്നാല്‍, ഈ വേദി പങ്കിടല്‍ കൊണ്ടൊന്നും മാണി ഇടതുപക്ഷത്ത് അംഗീകരിക്കപ്പെടാന്‍ പോകുന്നില്ലെന്നു തന്നെയാണ് രാഷ്ട്രീയ സൂചനകള്‍. സി.പി.ഐയുടെ എതിര്‍പ്പുകൊണ്ടു മാത്രമല്ല അത്. സി.പി.എം സമ്മേളനത്തിലെ ചര്‍ച്ചകളുടെ ഗതി തന്നെ ആ വഴിക്കാണ്.
മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതു ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ മാത്രമാണ്. ജില്ലാ നേതാക്കള്‍ മുതല്‍ താഴേക്കുള്ളവര്‍ക്കാര്‍ക്കും അതില്‍ ഒട്ടും താല്‍പ്പര്യമില്ല.
വലിയ നേതാക്കളുടെ അതൃപ്തി സമ്പാദിക്കാന്‍ ഇഷ്ടപ്പെടാത്ത ചില ജില്ലാ നേതാക്കള്‍ അനുകൂലിക്കുന്നതായി ഭാവിക്കുന്നുവെന്നു മാത്രം. വി.എസ് അച്യുതാനന്ദനും മാണി വരുന്നതിനോടു ശക്തമായ എതിര്‍പ്പുണ്ട്.
അതെല്ലാം കൂടി ചേര്‍ന്നപ്പോള്‍ മാണി വിഷയം സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാക്കി അനുകൂലമാക്കിയെടുക്കാനുള്ള നേതാക്കളുടെ നീക്കം പാളിയിരിക്കുകയാണ്.
മാണിയെ മുന്നണിയിലെടുക്കുന്ന കാര്യം ആദ്യം തയാറാക്കിയ കരടു പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ആ നീക്കവും താഴേക്കിടയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള എതിര്‍പ്പും കണ്ടറിഞ്ഞു തന്നെയാണ് സമ്മേളനത്തിന്റെ തുടക്കത്തിനു തൊട്ടുമുമ്പു മാണിയെ മുന്നണിയിലെടുക്കാന്‍ സമ്മേളനം തീരുമാനിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രനേതൃത്വത്തിനു വി.എസ് കത്തയയ്ക്കുകയും ആ വാര്‍ത്ത പുറത്തുവിടുകയും ചെയ്തത്.
അതു ശരിക്കും ഏശി. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാനസെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങള്‍ക്കു മുന്നിലെത്തിയപ്പോള്‍ റിപ്പോര്‍ട്ടിലെ ആ ഭാഗം മയപ്പെട്ടു. മാണിയുടെ പാര്‍ട്ടിയുടെ പേരു തന്നെ നീങ്ങി.
മുന്നണി വിപുലീകരണത്തെക്കുറിച്ചാലോചിക്കണമെന്നും എന്നാല്‍, അതു പാര്‍ട്ടി മാത്രം തീരുമാനിച്ചാല്‍ പോരെന്നും മുന്നണിയില്‍ കൂട്ടായ തീരുമാനം വേണമെന്നുമൊക്കെയായി അതു മാറി.
വി.എസിന്റെ കത്തുമായി ബന്ധപ്പെട്ടുണ്ടായ ആശയവിനിമയത്തില്‍ മാണി വരുന്നതിനോടു സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കള്‍ക്കുള്ള എതിര്‍പ്പിന്റെ സൂചനയും ലഭിച്ചു. ഇതോടെ പ്രതിനിധിസമ്മേളനത്തിലെ ചര്‍ച്ചയുടെ ദിശ മാറി.
ഇതുവരെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളില്‍ ബഹുഭൂരിപക്ഷവും പ്രകടിപ്പിച്ചത് ആശയപരമായ യോജിപ്പും അഴിമതിവിരുദ്ധ പ്രതിച്ഛായയുമുള്ള കക്ഷികളെ മാത്രം ഉള്‍പെടുത്തി മുന്നണി വിപുലീകരിച്ചാല്‍ മതിയെന്നാണ്.
മാണിയെ വേണ്ടെന്നു തന്നെയാണ് അതിന്റെ പച്ചമലയാളം. ഇന്നു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രതിനിധികളിലും ഭൂരിപക്ഷം ഇതേ അഭിപ്രായമാണു പങ്കുവയ്ക്കുന്നതെങ്കില്‍ മാണിയെന്ന അധ്യായം പാര്‍ട്ടിനേതാക്കള്‍ക്കു തല്‍കാലത്തേയ്‌ക്കെങ്കിലും അടച്ചുവയ്‌ക്കേണ്ടിവരും.
എന്നാല്‍, മുന്നണിപ്രവേശനം ലഭിച്ചില്ലെങ്കിലും ഇത്തവണത്തെ സി.പി.എം സംസ്ഥാനസമ്മേളനം മാണിക്കു വലിയ രാഷ്ട്രീയനേട്ടമാണുണ്ടാക്കുക. സമ്മേളനത്തോടെ സി.പി.എം നേതൃത്വം മാണിയെ പൂര്‍ണമായി വെള്ളപൂശിക്കഴിഞ്ഞു.
മാണിക്കെതിരേ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നാണു നേതാക്കള്‍ പറയുന്നത്. ഇനിയിപ്പോള്‍ മാണി യു.ഡി.എഫിലേക്കു തിരിച്ചുപോകുകയോ ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കുകയോ ചെയ്താലും ബാര്‍ക്കോഴയുടെ പേരു പറഞ്ഞു സി.പി.എമ്മിനു മാണിയെ വിമര്‍ശിക്കാനാവില്ല. വിമര്‍ശിച്ചാല്‍ തന്നെ അതിനു പൊതുസമൂഹത്തില്‍ വിശ്വാസ്യത ലഭിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഇത്തവണത്തെ സി.പി.എം സംസ്ഥാനസമ്മേളനത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയഗുണഭോക്താവു മാണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."