'വലിയ' നേതാക്കള്‍ക്കുനേരെ ചോദ്യങ്ങളില്ല; ജനകീയ പ്രശ്‌നങ്ങള്‍ പിന്‍നിരയില്‍
തൃശ്ശൂര്‍: വലിയ നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ത്താതെ സി.പി.എം സംസ്ഥാന സമ്മേളനം. ചര്‍ച്ചയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു ലഭിച്ചതാകട്ടെ വളരെ കുറഞ്ഞ ഇടവും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്പര്‍ശിക്കാതെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലേക്കും സി.പി.ഐയുടെ മന്ത്രിമാരിലേക്കും ചര്‍ച്ച വഴിതിരിയുകയായിരുന്നു.
പിന്നെ പാര്‍ട്ടിയിലെ ചില മന്ത്രിമാരും വിമര്‍ശനവിധേയരായി. മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്ന പൊലിസിനെതിരായ ആരോപണങ്ങള്‍, ഗീതാ ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഉപദേശക നിയമനം, ഡി.ജി.പി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയതും കോടതി വിമര്‍ശനവും, ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, ജേക്കബ് തോമസ് വിവാദം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര, തിരുവന്തപുരം ലോ അക്കാദമി സമരവും ഭൂമി വിവാദവും തുടങ്ങിയ വിഷയങ്ങളിലൊന്നും ചോദ്യമുയര്‍ന്നില്ല.
കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട വിവാദം, ജനജാഗ്രതാ യാത്രയ്ക്കിടയില്‍ കോടിയേരി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറില്‍ നടത്തിയ യാത്ര എന്നിവയും അവഗണിക്കപ്പെട്ടു. കൂടാതെ ഇ.പി ജയരാജന്റെ ബന്ധുനിമയനം, പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്ക് എന്നിവയില്‍ സ്പര്‍ശിക്കാനും പ്രതിനിധികള്‍ മടിച്ചു. എ.കെ ശശീന്ദ്രനെയും തോമസ് ചാണ്ടിയെയും പോലും അധികമാരും വിമര്‍ശിച്ചില്ല.
കൂടാതെ നഴ്‌സുമാരുടെ സമരം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നം, കെ.എസ്.ആ.ര്‍.ടി.സി പെന്‍ഷന്‍, ജാതി മതിലടക്കമുള്ള ജാതിപീഡനങ്ങളെക്കുറിച്ച് സംസ്ഥാനത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയും അവഗണിക്കപ്പെട്ടു.
ഒന്‍പത് മണിക്കൂര്‍ 16 മിനുട്ട് നീണ്ട ചര്‍ച്ചയില്‍ ആദ്യ ദിവസം 47 പേരും രണ്ടാംദിവസം 15 പേരും പങ്കെടുത്തു. ഇവരില്‍ 13 പേര്‍ വനിതകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."