വി.എസിന്റെ പദവി; ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന് സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്തു പദവി നല്‍കണമെന്ന കാര്യം ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പോളിറ്റ്ബ്യൂറോയുടെ നിര്‍ദേശമനുസരിച്ചാണിത്. വി.എസിന്റെ പദവി സംബന്ധിച്ച് കഴിഞ്ഞയാഴ്ച ചേര്‍ന്ന പോളിറ്റ്ബ്യൂറോയില്‍ തീരുമാനമായിരുന്നില്ല. ക്യാബിനറ്റ് പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടിക്കു തീരുമാനമെടുക്കാനാകില്ലെന്നും സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഒരു വിഭാഗം വാദിച്ചു. ഇതേത്തുടര്‍ന്നാണു തീരുമാനം സെക്രട്ടറിയേറ്റിന് വിട്ടത്.\
ക്യാബിനറ്റ് പദവിയോടെയുള്ള ഉപദേശക സ്ഥാനം, എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം, പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗത്വം എന്നീ ആവശ്യങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നൊഴിഞ്ഞു നിന്നതിനു പകരമായി വി.എസ്.ആവശ്യപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വി.എസ് ഇക്കാര്യം ആവശ്യപ്പെട്ടു കുറിപ്പ് നല്‍കി എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ശരിവച്ചിരുന്നു.
വി.എസ് ഉന്നയിച്ച ആവശ്യങ്ങളില്‍ സെക്രട്ടറിയേറ്റ് അംഗത്വം നല്‍കാനാകില്ലെന്ന് പോളിറ്റ്ബ്യൂറോ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. വി.എസി നെതിരായ സംസ്ഥാന കമ്മിറ്റിയുടെ ശാസനാപ്രമേയം നിലനില്‍ക്കുന്നതിനാലാണിത്. പദവികള്‍ ആവശ്യപ്പെട്ടു എന്ന കാര്യം വി.എസ് നിഷേധിക്കാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ മന്ത്രിസഭായോഗം.
അതേസമയം, സര്‍ക്കാരില്‍ വി.എസ്.അച്യുതാനന്ദന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന. സ്വതന്ത്ര അധികാരമുള്ള പദവിയാകുമിത്. മന്ത്രിസഭായോഗത്തിനുശേഷം വി.എസുമായി കൂടിയാലോചിക്കും. നിയമവശങ്ങള്‍ പരിഗണിച്ചാകും അന്തിമതീരുമാനമെടുക്കുക. ഇരട്ടപ്പദവി നിയമ വ്യവസ്ഥകള്‍ പരിഗണിച്ചായിരിക്കും നിയമനം.
മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത രീതിയിലായിരിക്കും പദവിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വി.എസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിനും എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ, രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകാന്‍ അനുവദിക്കില്ലെന്നും അങ്ങനെവന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."