ഫയലുകള്‍ ഇവിടെ കൂര്‍ക്കംവലിക്കുന്നു
ബജറ്റ്‌വിഹിതത്തിലെ മുഖ്യയിടം അപഹരിക്കുന്നത് ഭരണശകടം കറക്കാനാണ്. അധോമണ്ഡല ഗുമസ്തന്‍ മുതല്‍ ചീഫ് സെക്രട്ടറിവരെയുള്ളവരുടെ ആഹാരം, പാര്‍പ്പിടം, ചികിത്സ, യാത്ര, വിനോദം, കുഞ്ഞുകുട്ടികളുടെ വിദ്യാഭ്യാസം, അര്‍ധപാതിയുടെ സംരക്ഷണം, പെന്‍ഷന്‍, പഞ്ചായത്തംഗം മുതല്‍ ഗവര്‍ണര്‍വരെയുള്ളവരുടെ അവകാശങ്ങള്‍... ഇതൊക്കെയാണു നികുതിപ്പണത്തിലെ നല്ലൊരു പങ്കും കവരുന്നത്.
ഭരണഘടന വ്യക്തമായി നിര്‍വചിച്ചില്ലെങ്കിലും കാലാകാലങ്ങളായി സിവില്‍സര്‍വീസാണു ഭരണനിര്‍വഹണം നടത്തിവരുന്നത്. എക്‌സിക്യൂട്ടീവ് വന്നുപോകുന്ന രാജകുമാരന്മാരാണ്. ഉദ്യോഗസ്ഥര്‍ക്കുവേണ്ടി ഉദ്യോഗസ്ഥരാല്‍ എക്‌സിക്യൂട്ടീവിനെക്കൊണ്ടു ഭരിപ്പിക്കുന്നതാണ് ഇന്ത്യന്‍ ഭരണസമ്പ്രദായം.
പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഫയലുകള്‍ ഭരണസിരാകേന്ദ്രത്തില്‍ തീര്‍പ്പുകാത്തു കഴിയുകയാണ്. ഇതിന്റെ പലയിരട്ടി ജില്ലാ, താലൂക്ക്, വില്ലേജ് കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നു. സെക്രട്ടേറിയറ്റില്‍ മാത്രം ഒന്നേകാല്‍ ലക്ഷം ഫയലുകളെയാണ് ഉറക്കിക്കിടത്തിയിരിക്കുന്നത്.
എം.എം മണിയുടെ ഭള്ളു കേള്‍ക്കാന്‍ ഇടയ്ക്കിടെ മൂന്നാറില്‍ പോകുന്ന റവന്യൂമന്ത്രിയുടെ ഓഫീസില്‍ പതിനേഴായിരം ഫയലുകളും പിണറായിയുടെ ഓഫീസില്‍ പതിനൊന്നായിരവും ധനകാര്യം, സാമൂഹ്യക്ഷേമം എന്നീ മന്ത്രാലയങ്ങളില്‍ പത്തായിരത്തില്‍ താഴെയും ഫയലുകള്‍ പേനയുടെ കടാക്ഷം കാത്തുകിടക്കുകയാണ്.
വാരത്തില്‍ അഞ്ചുനാള്‍ ഓഫീസിലുണ്ടാവണമെന്ന മുഖ്യമന്ത്രിയുടെ കല്‍പ്പന മന്ത്രിസംഘം പുല്ലുപോലെ തള്ളി. അഞ്ചു കൊല്ലം ഉല്ലാസയാത്രയ്ക്കും നക്ഷത്രജീവിതത്തിനും തെരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ മോദിയെപ്പോലെ പറന്നുകളിക്കുന്നില്ലെങ്കിലും 'അണ്ണാറക്കണ്ണനും തന്നാലായത് ' ഒപ്പിക്കണമല്ലോ.
നികുതിദായകര്‍ കോഴിക്കു മുല വരുന്നതു കാത്തു സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നടപ്പു തുടരുന്നു. പലരുടെയും ജീവിതമാണിങ്ങനെ പന്താടപ്പെടുന്നത്. ഓരോ അഞ്ചുവര്‍ഷവും മാറിമാറി രാജകുമാരന്മാരെ സൃഷ്ടിക്കാനല്ലേ വോട്ടര്‍മാര്‍ക്ക് അവകാശവും അധികാരവുമുള്ളൂ.
പ്രകൃതിദുരന്തങ്ങള്‍ക്കു നഷ്ടം കൂട്ടാനാവില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇടി, മിന്നല്‍, കടല്‍ക്ഷോഭം ഇതൊക്കെ നാട്ടുനടപ്പായതിനാല്‍ പ്രകൃതിക്ഷോഭത്തില്‍പ്പെടുത്തി ഖജനാവു ക്ഷീണിപ്പിച്ചു ഭരണസ്തംഭനം അനുവദിക്കാനാവില്ലത്രേ. ധനകാര്യ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ വേദവാക്യമായി പാലിച്ചുകൊള്ളണമെന്നും ഉത്തരവുണ്ട്.
തീരദേശങ്ങളില്‍ വീടു പൂര്‍ണമായി തകര്‍ന്നാല്‍ 10,900 രൂപയെന്നാണു മാനദണ്ഡം. അതു മലയോരത്താണെങ്കില്‍ 9500 രൂപ. തകര്‍ച്ച ഭാഗികമാണെങ്കില്‍ യഥാക്രമം 5200, 3200 രൂപ. വള്ളം തകര്‍ന്നാല്‍ 9600 രൂപ, ബോട്ടു തകര്‍ന്നാല്‍ 4100, വല നശിച്ചാല്‍ 2600, കേടുപാടുകള്‍ക്കു 2100 ഇതാണിപ്പോഴത്തെ മാനദണ്ഡം. ഇതു ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമടക്ക്, ബിഗ് സല്യൂട്ട്, സാറു വിളി, പലതവണ കയറിയിറക്കം... ഇതൊക്കെ വേണം.
കടല്‍ത്തൊഴിലാളികളോടു കരുണകാണിക്കാന്‍ എന്തുകൊണ്ടു കഴിയുന്നില്ല. രണ്ടുതരം നീതിയും സമീപനവും സഹായവുമാണു നിലവിലുള്ളതെന്നു ജേക്കബ് തോമസ് പറഞ്ഞതുമായി ചേര്‍ത്തുവായിക്കണം. അഴിമതിക്കെതിരേ മഞ്ഞയും ചുകപ്പും കാര്‍ഡ് കാണിച്ച ജേക്കബ് തോമസിനെ ശിഷ്ടകാലം കടല്‍കടത്തി പുറത്തെത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പൂജപ്പുര ജയിലില്‍നിന്നു ബാലകൃഷ്ണപിള്ളയെയും മാധ്യമശല്യത്തില്‍നിന്നു വി.എസിനെയും കാബിനറ്റ് പദവിയോടെ തിരുവനന്തപുരത്തു കുടിയിരുത്തിയ വകയില്‍ മാസാമാസം എത്ര ലക്ഷം പാഴാക്കുന്നു. മനഃസാക്ഷിയുള്ളവര്‍ ആരെയും വധിക്കില്ലെന്ന ഒരു ഭരണപരിഷ്‌കാര അഭിപ്രായമാണു വി.എസില്‍ നിന്ന് ഇതിനകമുണ്ടായ ഏക ശബ്ദം. മനഃസാക്ഷിയുണ്ടെങ്കില്‍ പൊതു ഫണ്ട് ഇവ്വിധം തനിക്കാക്കുമോയെന്ന മറുചോദ്യം പൗരമനസ്സില്‍ ഉയര്‍ന്നത് വി.എസിനു മനസ്സിലാവണമെന്നില്ല.
ബാലകൃഷ്ണപിള്ളയ്ക്കാണെങ്കില്‍ പിള്ളമനസ്സ് ഇതുവരെ മാറ്റാനായിട്ടില്ലെന്നാണല്ലോ ഓരോ പ്രസ്താവനയും നല്‍കുന്ന പാഠം. കാര്‍ഷികവായ്പയായി നാലുശതമാനം പലിശയ്‌ക്കെടുത്ത പണം 15 ശതമാനം വട്ടിപ്പലിശയ്ക്കു കൊടുത്തു തടിച്ചുകൊഴുത്ത കര്‍ഷകപ്രേമികളായ ധനമോഹികള്‍ കേരളത്തിലുള്ളതായി പറഞ്ഞുകേട്ടിരുന്നു. പലിശരഹിത ബാങ്ക് പുരോഗമനപരമാണ്. ഗുണഭോക്താവിന്റെ നട്ടെല്ലൊടിക്കില്ല. ഒന്നിച്ചു വളരാന്‍ കളമൊരുക്കും. ദാരിദ്ര്യനിര്‍മാര്‍ജനം ത്വരിതപ്പെടുത്തും. സാമ്പത്തികശുദ്ധി ഉറപ്പാക്കും. ഇതൊക്കെ ശരിയാണെന്നു സമ്മതിച്ചാലും ആശയം ഇസ്‌ലാമിന്റേതായതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍.
യു.പിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ സൈക്കിളില്‍ ഒരു കൈ സഹായം! അതാണ് സമാജ്‌വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നിലപാട്. മഹാസഖ്യം വേണ്ടെന്നുവച്ച് ആ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥിന്റെ കരങ്ങള്‍ക്കു ശക്തിപകരാന്‍ മറ്റെന്തുവേണം. ഫാസിസം, മതേതരത്വം എന്നൊക്കെയുള്ള പ്രസംഗം ഉപയോഗിക്കാതിരിക്കാനുള്ള മാന്യതയാണ് ഇനിയുണ്ടാവേണ്ടത്.
ചാനല്‍ച്ചര്‍ച്ചയില്‍ നിന്നു ശംസീര്‍, റഹിം, റിയാസ് എന്നിവര്‍ക്കു വിലക്കു വീഴാന്‍ പോകുന്നു. പ്രായക്കുറവു കാരണം വല്ലപ്പോഴുമിവര്‍ സത്യവും പറഞ്ഞുപോകുന്നതാണു പാര്‍ട്ടിക്കു പിടിക്കാത്തത്. ആനത്തലവട്ടം ആനന്ദനെപ്പോലെ അരിയെത്രയെന്ന ചോദ്യത്തിനു പയറഞ്ഞാഴിയെന്ന ഉത്തരം പറയാന്‍ പുതുമുഖങ്ങള്‍ക്ക് എക്‌സ്പീരിയന്‍സായിട്ടില്ലല്ലോ.
മാവിലോട്ട് മഹ്മൂദും അരിയില്‍ ശുക്കൂരും മട്ടന്നൂര്‍ ശുഹൈബും ഉന്മൂലനസിദ്ധാന്തത്തിന്റെ ഇരകളാണ്. ശുഹൈബിന്റെ എനര്‍ജറ്റിക്കായ പൊതുസാന്നിധ്യം പാര്‍ട്ടിയെ തളര്‍ത്തിയതുകൊണ്ടു രണ്ടുകാലും വെട്ടിവരാന്‍ പാര്‍ട്ടി ആളയച്ചുവെന്നാണു കേള്‍വി. പോയവര്‍ 31 വെട്ടു കാലിനു കണക്കാക്കിയാണ് വെട്ടിയത്. ചോരവാര്‍ന്നു ശുഹൈബ് മരിച്ചു.
കൊല്ലാന്‍ തങ്ങളുദ്ദേശിച്ചില്ലെന്ന മൊഴി ഐ.പി.സിയില്‍ മുങ്ങിത്തപ്പി ഇഴകീറി മനഃപൂര്‍വമല്ലാത്ത കുറ്റം ചുമത്തി കോടതിയില്‍ നിന്നു തടി സലാമത്താക്കാന്‍ പൊലിസും പ്രോസിക്യൂട്ടറും ശ്രമിക്കും. പുറത്തിറങ്ങി കാല്‍വെട്ടു രാഷ്ട്രീയം പ്രതികള്‍ക്കു തുടര്‍ന്നും ചെയ്യാം.
മൂന്നു സഹോദരിമാര്‍, വൃദ്ധമാതാപിതാക്കള്‍ ഇവര്‍ക്കിനി രാഹുല്‍ജിയുടെ ഫോണ്‍ വിളിയും ചെന്നിത്തലയുടെ ഏറ്റെടുക്കുമെന്ന കിടിലന്‍ പ്രസ്താവനയും കുറേ സഹതാപവചനങ്ങളും മാത്രം മിച്ചം. ഇക്കാലത്തിനിടയില്‍ ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.എം ഹസന്‍, വി.എം സുധീരന്‍ തുടങ്ങിയവര്‍ നടത്തിയ പ്രസ്താവനകളൊന്നും പുലര്‍ന്നിട്ടില്ല. പിരിവു തുടരാനാവും. അത്രതന്നെ. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളെ അപമാനിക്കാതിരിക്കാനാണു ശ്രദ്ധിക്കേണ്ടത്.
ഇറാന്‍ ലോകത്തിനു ഭീഷണിയാണെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹു. അമേരിക്ക-ഇസ്രാഈല്‍ വന്‍ ഭീഷണി നിലനില്‍ക്കെ മറ്റൊരു ഭീഷണി വേണ്ടെന്നാവും നെതാന്യാഹുവിന്റെ പക്ഷം. ഉപരോധം കാരണം വിമാനങ്ങള്‍ പഴകി റിപ്പയര്‍ ചെയ്തു പറത്തിയതിനാലാണ് ഇറാന്റെ വിമാനം കഴിഞ്ഞദിവസം തകര്‍ന്ന് 66 പേര്‍ മരിക്കാനിടയായത്. മനുഷ്യവിഭവശേഷിയും എണ്ണയും ഉണ്ടായിട്ടും വില്‍ക്കാനും കൊള്ളാനും പറ്റാത്ത പരുവത്തില്‍ ഇറാനെ കെട്ടിയിട്ടു വട്ടം കറക്കുന്നവര്‍ക്കെങ്ങനെയാണ് ഇറാന്‍ ഭീഷണിയാവുന്നത്.
ഇറാന്‍ റവല്യൂഷനറി കമാന്‍ഡ് പറഞ്ഞ ബഡായിയാണത്രേ നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഭാവിയിലെ ലോകം ഇസ്‌ലാമിന്റേതാകുമെന്നാണു കമന്റ്. ശീഇസം രാഷ്ട്രീയമാണ്. അതുണ്ടായതും നിലനില്‍ക്കുന്നതും അങ്ങനെ തന്നെ. ലോക മുസ്‌ലിംകളില്‍ ഒരു സ്വാധീനവും പ്രാതിനിധ്യവും അവര്‍ക്കില്ല. ഇറാന്‍ ഇറാനിയന്‍ രീതിയില്‍ നിലനില്‍ക്കുന്നു. അതിന് ഇസ്‌ലാമിന്റെ ഛായയോ മേമ്പൊടിയോ ചേര്‍ത്ത് വീണ്ടും നിരപരാധികളെ ഇരകളാക്കാന്‍ നെതാന്യാഹു അവസരം തേടുകയാണ്.
അഴിമതിക്കാരന്‍, കൊള്ളക്കാരന്‍, കൊലയാളി ഈ വിശേഷങ്ങള്‍ക്കൊക്കെ അര്‍ഹത നേടിയ നെതാന്യാഹു ഫലസ്തീനികള്‍ക്ക് നീതിനിഷേധിക്കുന്നതു മാറ്റാനാണു ശ്രമിക്കേണ്ടത്. പൊതുവെ പുലയാട്ടു പറയുന്ന രണ്ടാം ട്രംപായിത്തീരാതെ നൈതികത മാനിക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി തയാറാവണം.
രാഹുല്‍ ഈശ്വറിന്റെ മുഖംമൂടി പലതവണ അഴിഞ്ഞതാണെങ്കിലും ഹാദിയ ഒന്നുകൂടി അതഴിച്ചു മാറ്റി. വീട്ടില്‍ പലതവണ വന്ന് ഇസ്‌ലാമുപേക്ഷിക്കാന്‍ ഈ ഈശ്വര്‍ നടത്തിയ ഉപദേശവും ഇടപെടലും കൊല്ലപ്പെട്ടേയ്ക്കാമെന്ന ഭീഷണിപ്പെടുത്തലും ഫാസിസത്തിന്റെ ഏജന്റിനെയാണു തുറന്നുകാട്ടുന്നത്.
ശിവശക്തി യോഗ സെന്ററിലെ കൗണ്‍സിലര്‍മാര്‍ വന്നു പൊലിസിന്റെ ഒത്താശയോടെ നടത്തിയ പീഡനകഥയും ഹാദിയ പറയുന്നുണ്ട്. ഇതൊക്കെ കേരളത്തിലാണു നടന്നത്. ഇടതുപക്ഷത്തിന്റെ പൊലിസിന്റെ സഹായത്താലാണെന്നു വായിക്കുമ്പോഴാണ് ഓക്കാനം വരുന്നത്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേ മിണ്ടിപ്പോയാല്‍ നടപടിയെടുക്കുമെന്ന് ഉടനടി പ്രസ്താവന ഇറക്കിയ പിണറായി വിജയന്‍ ഇവിടെ നിശ്ശബ്ദനാവുന്നു. സിനിമാഗാനത്തിലെ പാട്ടിന്റെ മറവില്‍ മതനിന്ദ പാടില്ലെന്നു പറഞ്ഞവരെ പിന്തുണച്ചവരെയാണ് മുഖ്യമന്ത്രി വിരട്ടാന്‍ കണ്ണുരുട്ടിയത്.
വീട്ടുതടങ്കലിലിട്ടു പൊലിസിന്റെ സഹായത്തോടെ ഫാസിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാനും ആവിഷ്‌കാരസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാനും ശ്രമമുണ്ടായപ്പോള്‍ നിശ്ശബ്ദനായ മുഖ്യമന്ത്രി നടപടികളെക്കുറിച്ച് ഒന്നും പറയാന്‍ ആരെയോ ഭയക്കുകയാണ്.
അമേരിക്കയിലെ കൊലകളില്‍ വലിയ പങ്ക് വെടിവയ്പിലൂടെയാണ്. മിഡില്‍ ഈസ്റ്റിലിത് സ്‌ഫോടനങ്ങളാണെങ്കില്‍ കേരളത്തില്‍ 'വെട്ടി'ക്കൊലകളാണ്. അമേരിക്കയില്‍ സ്‌കൂളുകളില്‍ നടന്ന വെടിവയ്പുകളെക്കുറിച്ച് ആവലാതി പറയാനെത്തിയവരോടു ട്രംപ് പറഞ്ഞത് അധ്യാപകര്‍ക്കു തോക്കു നല്‍കണമെന്നാണ്. 'മാതാപിതാഗുരുദൈവം' ഇതാണ് ഇന്ത്യന്‍ സംസ്‌കൃതി. കുഞ്ഞുങ്ങളെ കൊല്ലാന്‍ ദൈവതുല്യരുടെ കൈകളില്‍ തോക്കു കൊടുക്കുന്നതും വെടിവയ്ക്കാന്‍ മികച്ച പരിശീലനം നല്‍കുന്നതും ഞെട്ടലോടെ വായിക്കാനേ കഴിയൂ.
കരാത്തെ, കുങ്ഫു, കളരിപ്പയറ്റ് തുടങ്ങിയ കല കൂടി അധ്യാപകര്‍ക്കു നല്ലതാണ്. ക്ലാസിലെത്തുന്നവരുടെ മനോനില അനുദിനം മാറുകയല്ലേ. അവരുടെ കൈകളിലിരിക്കുന്ന മൊബൈലിലൂടെ അവരറിയുന്നതും പഠിക്കുന്നതും നല്ല കാര്യങ്ങളല്ലല്ലോ.
സാമൂഹികമാധ്യമങ്ങള്‍ മലിനമാക്കാത്ത ഒരു മേഖലയുമില്ല. പ്രസംഗം വളച്ചൊടിക്കുന്നു. ആശയം വക്രീകരിക്കുന്നു. പകയും വിരോധവും ഭിന്നിപ്പും വിപണി വസ്തുവാക്കുന്നു. കൂട്ടത്തില്‍ കൊലകള്‍ നടത്താനും പരിശീലിക്കുന്നു. ട്രംപിന്റെ നാവില്‍ നിന്നു ട്രംപിനു ചേര്‍ന്നതല്ലേ വരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."