കയ്യാങ്കളി കേസില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; കേസ് പിന്‍വലിച്ചിട്ടില്ലെന്ന് കോടതിയില്‍
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചു. പ്രതികളോട് ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ബാര്‍കോഴ വിഷയത്തില്‍ കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനിടെയാണ് അന്നത്തെ പ്രതിപക്ഷാംഗങ്ങള്‍ ബജറ്റ് തടസപ്പെടുത്താന്‍ നിയമസഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഡയസില്‍ കയറി അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി സര്‍ക്കാരിന് നല്‍കിയ കത്തിനെ തുടര്‍ന്ന് നിയമവകുപ്പ് നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തടസഹരജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ നിലപാട് കണക്കിലെടുത്ത് തടസഹരജി കോടതി ഫയലില്‍ സ്വീകരിച്ചില്ല.
2015 മാര്‍ച്ച് 13നാണ് നിയമസഭയില്‍ കൈയാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയും കംപ്യൂട്ടറുകളും നശിപ്പിച്ചതിനും അക്രമത്തിന് മുന്‍ നിരയിലുണ്ടായിരുന്നവര്‍ക്കെതിരേ സി.സി.ടി.വി പരിശോധിച്ചതിനു ശേഷം നിയമസഭ സെക്രട്ടറി മ്യൂസിയം പൊലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ശിവന്‍കുട്ടിക്കു പുറമെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ് എന്നിവരാണു പ്രതികള്‍. അന്വേഷണത്തില്‍ രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തി 2016 മാര്‍ച്ച് 23ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പ്രതികള്‍ ജാമ്യമെടുക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വി.ശിവന്‍കുട്ടി സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."