ആറ്റുകാല്‍ കുത്തിയോട്ടം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ട അനുഷ്ഠാനത്തിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കുത്തിയോട്ടം ബാലാവകാശ ലംഘനമെന്ന് ആരോപണം ഉയർന്നതിനാലാണ് കമ്മീഷന്‍റെ നടപടി.
ക്ഷേത്രത്തില്‍ തുടരുന്ന കുത്തിയോട്ട അനുഷ്ഠാനത്തിനെതിരേ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ഇന്നലെ രംഗത്തുവന്നിരുന്നു.
വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം കുട്ടികളുടെ ജയിലറയായി മാറുകയാണെന്ന് അവര്‍ സ്വകാര്യ ബ്ലോഗില്‍ ആരോപിച്ചു. വര്‍ഷങ്ങളായി തുടരുന്ന ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്നും അവര്‍ പറഞ്ഞു.
അഞ്ചിനും 12നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്ക് ഇത് ദുരിത കാലമാണ്. ഒരു ചെറിയ തുണിയുമുടുപ്പിച്ച് മൂന്ന് ദിവസം തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച്, പരിമിതമായ ഭക്ഷണം മാത്രം നല്‍കി, ക്ഷേത്രത്തിന്റെ നിലത്ത് കിടത്തി ഉറക്കും. ഇക്കാലയളവില്‍ കുട്ടികളെ അവരുടെ മാതാപിതാക്കളെ കാണാന്‍ അനുവദിക്കില്ല. എന്നാല്‍ ഉത്സവത്തിന്റെ അവസാന ദിവസം ഇവരെ നിരത്തി നിറുത്തി ശരീരത്തില്‍ കൂടി കമ്പി കുത്തിക്കയറ്റും. തുടര്‍ന്ന് ഈ മുറിവിലേക്ക് ചാരം പൊത്തും. ഇത്തരത്തില്‍ ക്രൂരതയ്ക്ക് വിധേയരാകുന്ന കുട്ടികള്‍ നല്ലവരായി വളരുമെന്നും മികച്ച പഠനം കാഴ്ച വയ്ക്കുമെന്നാണ് മാതാപിതാക്കളുടെ വിശ്വാസം.
എന്നാല്‍ കുട്ടികള്‍ക്കെതിരേയുള്ള ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. പക്ഷേ ആരും ഇക്കാര്യത്തില്‍ പരാതിപ്പെടില്ല. ആറ്റുകാല്‍ അമ്മയുടെ ഭക്തയായ താന്‍ 10 വയസ് മുതല്‍ തന്നെ പൊങ്കാല അര്‍പ്പിക്കാറുണ്ടെന്നും ശ്രീലേഖ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."