സകല വിവരങ്ങളുമടങ്ങിയ സ്മാര്‍ട്ട് ചിപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി സഊദി ആഭ്യന്തര മന്ത്രാലയം
റിയാദ്: അതീവ സുരക്ഷയ്‌ക്കൊപ്പം ഒരാളുടെ സകല വിവരങ്ങളും ഉള്‍പ്പെടുത്തി തിരിച്ചറിയാന്‍ കാര്‍ഡ് കൂടുതല്‍ സ്മാര്‍ട്ടാക്കി സഊദി ആഭ്യന്തര മന്ത്രാലയം. വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്‍ഡ് ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ അറബിക്ക് പുറമെ ഇംഗ്ലീഷിലും വിവരങ്ങള്‍ ലഭ്യമാകും. സഊദി തിരിച്ചറിയല്‍ കാര്‍ഡിന്റെ മൂന്നാം തലമുറക്കാരനായ പുതിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉദ്ഘാടനം സഊദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ നിര്‍വ്വഹിച്ചു.
ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, കുടുംബ കാര്‍ഡ് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ഉടമയുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍, തുടങ്ങിയ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചതാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ്. ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡവും കാര്‍ഡിന്റെ പ്രത്യേകതയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും മികച്ച സേവനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നല്‍കുവാനുള്ള ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് പരിഷ്‌ക്കരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര സഹമന്ത്രി ഡോ: ബന്ദര്‍ ബിന്‍ അബ്ദുള്ള അല്‍ മുശാരി രാജകുമാരന്‍, ദേശീയ സുരക്ഷാ ഏജന്‍സി മേധാവി അബ്ദുല്‍ അസീസ് അല്‍ ഖുവൈരിനി, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിമാരായ ഡോ: നാസില്‍ അല്‍ ദാവൂദ്, മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ ജലൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."