യു.എ.ഇ ബാങ്കുകളില്‍നിന്ന് കോടികളുടെ തട്ടിപ്പ്; കേസ് നടത്തുന്ന പവര്‍ ഓഫ് അറ്റോര്‍ണിക്ക് വധഭീഷണി
കൊച്ചി: യു.എ.ഇ ബാങ്കുകളുടെ പവര്‍ ഓഫ് അറ്റോര്‍ണിയായ എക്‌സ്ട്രീം ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സി.ഇ.ഒ പ്രിന്‍സ് സുബ്രഹ്മണ്യനെതിരേ വധഭീഷണി. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
യു.എ.ഇയില്‍നിന്നു വ്യാജരേഖകള്‍ ഹാജരാക്കി കോടികള്‍ തട്ടിച്ച് ഇന്ത്യയിലേക്ക് കടന്ന 48 കമ്പനി ഉടമകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത നാഷനല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ, നാഷനല്‍ ബാങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നിവയുടെ പവര്‍ ഓഫ് അറ്റോര്‍ണിയാണ് പ്രിന്‍സ് സുബ്രഹ്മണ്യം. ഇദ്ദേഹത്തിനെതിരേ വധഭീഷണി ഉണ്ടായെന്ന പരാതിയിലാണ് കേസില്‍ സെന്‍ട്രല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യു.എ.ഇ ബിസിനസ് ലൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ വേലായുധന്‍ വിജയന്‍, പ്രിന്‍സിന്റെ ദുബൈ ഓഫിസ് മാനേജരായ നിഥിനെ വിളിച്ച് 58 മിനുട്ട് ദൈര്‍ഘ്യമുള്ള സംഭാഷണത്തിനിടയില്‍ പത്തിലേറെ തവണ വധഭീഷണി മുഴക്കി എന്നാണ് പരാതി. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച പ്രിന്‍സ് സുബ്രഹ്മണ്യനോട് നേരിട്ടും ഇയാള്‍ വധഭീഷണി മുഴക്കിയെന്ന് പ്രിന്‍സ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പിന്നീട് പല തവണ ഇന്ത്യയിലേയും യു.എ.ഇയിലെയും പല പബ്ലിക് ബൂത്ത് നമ്പറുകളില്‍ നിന്ന് ഭീഷണി ആവര്‍ത്തിച്ചെന്നും പ്രിന്‍സ് പറയുന്നു. എറണാകുളത്തുവച്ച് പ്രിന്‍സിനെ അജ്ഞാത വാഹനങ്ങള്‍ രണ്ടുതവണ അപകടപ്പെടുത്താന്‍ ശ്രമിച്ച സാഹചര്യത്തിലാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്.
ഇന്ത്യയുമായി ഏറ്റവും സൗഹൃദത്തില്‍ കഴിയുന്ന യു.എ.ഇയിലെ ഡസന്‍ കണക്കിന് ക്രിമിനല്‍ കേസുകളിലെ പ്രതികളെ സംഘടിപ്പിച്ച് യു.എ.ഇ ബിസിനസ് ലൂസേര്‍സ് അസോസിയേഷന്‍ എന്ന സംഘടന ഉണ്ടാക്കിയതിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഈ പരാതി സംസ്ഥാന പൊലിസ് മേധാവിക്ക് അന്വേഷണത്തിനായി മുഖ്യമന്ത്രി കൈമാറി. അന്വേഷണം നടത്താനുള്ള ഉത്തരവിന്റെ കോപ്പിയും തെളിവായി സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."