ഇരുട്ടടിയായി പുതിയ വൈദ്യുതി ബില്ലുകളെത്തി; ഷോക്കേറ്റ് പ്രവാസികള്‍
ജിദ്ദ: പുതിയ വൈദ്യുതി ബില്ലുകളെത്തിയപ്പോള്‍ ഷോക്കേറ്റ നിലയിലായി ഉപയോക്താക്കള്‍. ബുധനാഴ്ചയാണ് ഉപയോക്താക്കള്‍ക്ക് എസ്.എം.എസ് വഴി ബില്ലുകള്‍ ലഭിച്ചത്.
രാജ്യത്ത് വൈദ്യുതി ബില്ലുകള്‍ പുറപ്പെടുവിക്കുന്നത് എല്ലാ മാസവും 28ാം തിയതിയായി ഏകീകരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ 86 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം ഇ ബില്ലുകള്‍ ലഭിച്ചത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ ഉയര്‍ന്ന ബില്ലുകളാണ് ലഭിച്ചിരിക്കുന്നത്.
കുടുംബ ബജറ്റുകള്‍ താളംതെറ്റിക്കുന്ന ബില്ലുകള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ഗൗരവതരമായ ആലോചനകള്‍ക്ക് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. വൈദ്യുതി ഉപഭോഗം താരതമ്യേന കുറയുന്ന ശൈത്യകാലത്ത് ലഭിച്ച ബില്‍ തുക ഇതാണെങ്കില്‍ വേനല്‍ക്കാലത്തെ ബില്‍ തുക എത്രയായിരിക്കുമെന്നോര്‍ത്താണ് ഉപയോക്താക്കളുടെ ആശങ്ക.
അത്യാവശ്യമില്ലാത്ത സമയങ്ങളില്‍ എയര്‍ കണ്ടീഷനറുകള്‍ ഓഫാക്കുന്നതിനും വൈദ്യുതി കൂടുതല്‍ ആവശ്യമായ ബള്‍ബുകള്‍ക്കു പകരം കുറഞ്ഞ ബള്‍ബുകള്‍ ഉപയോഗിക്കുന്നതിനും പുതിയ ബില്ലുകള്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കും. ബില്‍ തുക കുറയ്ക്കുന്നതിന് ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റൊരു വഴിയും ഉപയോക്താക്കള്‍ക്ക് മുന്നിലില്ല.
സഊദിയില്‍ കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ്. രാജ്യത്ത് ആകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 29 ശതമാനം കെട്ടിട മേഖലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."