സൈനബയുടെ ലോകം
സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കാനുള്ള ഉള്‍ക്കരുത്താണ് ഒരാളെ വിജയിയാക്കുന്നത്. സൈനബയുടെ വിജയരഹസ്യവും അതുതന്നെ. ബുദ്ധിയും യുക്തിയും ഉപയോഗിച്ചു സൂക്ഷമമായി നീങ്ങിയാല്‍ മാത്രമേ സമൂഹത്തിനു മുന്നില്‍ സ്ത്രീക്കു തന്റേടത്തോടെ നില്‍ക്കാന്‍ കഴിയൂ. അതു ശരിക്കറിയാവുന്നതുകൊണ്ടാവാം സൈനബയുടെ പെണ്‍കരുത്തിനു നിലനില്‍പിന്റെ വിധേയത്വത്തിനപ്പുറം പുതുലോകത്തിന്റെ നിര്‍മാണപ്രകിയയിലേര്‍പ്പെടാന്‍ കഴിയുന്നത്.
വിമോചനം എന്നത് ആരും പുറത്തുനിന്നു കൊണ്ടുവന്നു സമ്മാനിക്കുന്ന ഒന്നല്ലെന്നും സ്വന്തം ഉള്ളില്‍നിന്നു സ്വയമേ രൂപപ്പെട്ടുവരേണ്ട ഒന്നാണെന്നും തിരിച്ചറിഞ്ഞ നിമിഷം മുതല്‍ സൈനബയുടെ ജീവിതം സ്വപ്നങ്ങള്‍ കൂട്ടില്ലാത്തവര്‍ക്കൊപ്പമാണ്. 25 വര്‍ഷം മുന്‍പുള്ള ഒരു അനുഭവം സൈനബ ടീച്ചര്‍ ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.
.......
സ്പീച്ച് തെറാപ്പി ക്ലാസില്‍ പരിശീലനം തുടങ്ങിയനാള്‍. നാലാം ദിവസം പത്തുവയസുകാരി 'അമ്മേ' എന്നു വിളിക്കുന്നു. സ്‌നേഹത്തിന്റെ മികച്ച മാതൃകയായി സൈനബ ടീച്ചര്‍ മാറിയതോടെ ശബ്ദം നഷ്ടപ്പെട്ട ആ കുരുന്നിന്റെ നാവില്‍ മാതൃത്വത്തിന്റെ വേരുകള്‍ തുടിച്ചു. ഒരിക്കലും സംസാരിക്കില്ലെന്നു കരുതിയ തന്റെ പൊന്നോമനയുടെ മാറ്റത്തില്‍ അമ്മയുടെ സന്തോഷാശ്രുക്കള്‍ ഏറ്റുവാങ്ങി സൈനബ ടീച്ചര്‍. ആ സംഭവം സൈനബ ടീച്ചറുടെ ജീവിതത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ചു. ഇനിയുള്ള ജീവിതം ഇത്തരം കുട്ടികള്‍ക്കൊപ്പമാകണമെന്ന് അന്നേ ഉറപ്പിച്ചു, മനസില്‍.
അന്ധരും മൂകരും ബധിരരും ചലനശേഷിയില്ലാത്തവരും ബുദ്ധിമാന്ദ്യമുള്ളവരും മാനസിക വളര്‍ച്ചയില്ലാത്തവരും ഓട്ടിസം ബാധിച്ചവരും പഠനവൈകല്യമുള്ളവരുമൊക്കെയായി ജന്മനായും അല്ലാതെയും അവശത പേറുന്നവരെ കൃത്യമായ പരിചരണവും പരിഹാരബോധനവും(ഞലാലറശമഹ ലേമരവശിഴ) നല്‍കി ജീവിതത്തിലേക്കു പിച്ചവയ്പ്പിക്കാനാകുമെന്ന് സൈനബ അനുഭവത്തിലൂടെ പഠിച്ചു. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ മറികടക്കാനാള്ള ഒരുവഴി കുറഞ്ഞസമയം കൊണ്ട് ശരിയായ പരിശീലനത്തിലൂടെ മാറ്റമുണ്ടാക്കുകയാണെന്നു ബോധ്യപ്പെട്ടു. അതു നടപ്പാക്കാനുള്ള മാര്‍ഗത്തെക്കുറിച്ചായി പിന്നെ ചിന്ത.
അനാഥബാല്യം
കോഴിക്കോട് ചേവരമ്പലം സ്വദേശിനിയാണ് സൈനബ ടീച്ചര്‍. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വര്‍ഷങ്ങളായി സൈനബ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിച്ചും പരിപാലിച്ചും വരികയാണ്. ഭിന്നശേഷിക്കാരായ കുട്ടികളാണ് ടീച്ചറുടെ ലോകം.
അത്ര മികച്ച സാമ്പത്തിക ചുറ്റുപാടിലൊന്നുമായിരുന്നില്ല ജനനവും ജീവിതവും. ഏഴു മക്കളില്‍ അഞ്ചാമത്തവളായി ജനിച്ചു. ചെറുപ്പത്തിലേ ഉപ്പ നഷ്ടപ്പെട്ടു. ഉമ്മ താങ്ങായി. സ്വപ്നങ്ങളെ യാഥാര്‍ഥ്യത്തിലേക്കുള്ള വഴിയായി തിരഞ്ഞെടുക്കാനും പ്രതിസന്ധികളിലും പ്രവര്‍ത്തനമേഖല വിപുലമാക്കാനും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹവും അന്നേ വേരായ് വളര്‍ന്നു.
എസ്.എസ്.എല്‍.സിക്കു ശേഷം ഐ.ടി.ഐ (ഇലക്ട്രോണിക്‌സ്) പാസായെങ്കിലും ജീവിതനിയോഗം ഇവരെ തിരുവണ്ണൂരിലെ ബാലസേവിക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് എത്തിച്ചത്. അവിടെനിന്നു മികച്ച ബാലസേവികയായി പരിശീലനം പൂര്‍ത്തിയാക്കി. അധികം വൈകാതെ സ്പീച്ച് തെറാപ്പി ക്ലാസെടുക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് പ്രീഡിഗ്രിയും സ്‌പെഷല്‍ എജ്യുക്കേഷന്‍ ഡിപ്ലോമയും നേടി.
ഭിന്നശേഷിക്കാരുടെ സേവനത്തിലേക്ക്
സ്പീച്ച് തെറാപ്പി ക്ലാസില്‍നിന്ന് ശിശുപരിപാലന കേന്ദ്രത്തിലേക്കാണു പിന്നീടെത്തിയത്. 1996ല്‍ റേഡിയന്റ് ഓറല്‍ സ്‌കൂള്‍ ഓഫ് ഹിയറിങ് ഇംപയേഡ്(റോഷി) എന്ന പേരില്‍ സംസാരവൈകല്യമുള്ളവര്‍ക്കായി ഒരു സ്ഥാപനത്തിനു തുടക്കമിട്ടു. രണ്ടായിരത്തില്‍ കോഴിക്കോട് ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഡിസബിലിറ്റി റീഹാബിലിറ്റേഷന്‍ സെന്ററില്‍ സേവനംചെയ്തു. 2004ല്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ റിസോഴ്‌സ് അധ്യാപികയായി ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ പഠിപ്പിച്ചു. 2014ല്‍ റിസോഴ്‌സ് അധ്യാപക ജോലി രാജിവച്ചു നാലു മാസം കോഴിക്കോട് ഗവ. പോളിടെക്‌നിക്കില്‍ കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ പഠിക്കുന്ന കുട്ടികളുടെ സൈന്‍ ലാംഗ്വെജ് ഇന്റര്‍പ്രറ്ററായി ജോയില്‍ കയറി.
2014 ജനുവരിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു സ്ഥാപനത്തിനും തുടക്കമിട്ടു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്തായിരുന്നു ഈ സ്ഥാപനം. എപ്പോഴും ചിരിച്ചു മാത്രം കാണുന്ന സൈനബ ടീച്ചര്‍ തന്റെ സ്ഥാപനത്തിനും 'സ്‌മൈല്‍' എന്നു തന്നെയാണു പേരിട്ടത്. തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നു. ഫണ്ടൊക്കെ ലഭിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടി. എന്നാല്‍ സൈനബ തളര്‍ന്നില്ല. സുമനസുകളുടെ സഹായം അവരെ തേടിയെത്തി. ഓട്ടിസം ബാധിച്ച കുട്ടികളായിരുന്നു അവിടെ ഏറെയും. ഓരോ കുട്ടികളെയും പ്രത്യേകം തിരഞ്ഞെടുത്തു പഠിപ്പിക്കുകയായിരുന്നു ടീച്ചറുടെ രീതി. കൂടുതല്‍ അധ്യാപകരെ ഇതിനായി നിയമിക്കേണ്ടിവന്നു. ബാധ്യതകള്‍ കൂടിയതോടെ സഹായിക്കാനായി ഒരു സംഘം ചേര്‍ന്നു. പതുക്കെ അവര്‍ സ്ഥാപനം ഏറ്റെടുക്കുകയും ടീച്ചര്‍ അവിടെനിന്നു പടിയിറങ്ങുകയും ചെയ്തു.
'വീ സ്‌മൈല്‍'
പുതിയ ദൗത്യമാണ് ടീച്ചര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 18 വയസു തികഞ്ഞ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തരാക്കാനായി നടക്കാവില്‍ 'വീ സ്‌മൈല്‍' വൊക്കേഷനല്‍ ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ആബ്ള്‍ഡ് സ്ഥാപനം ആരംഭിച്ചു. ഒരു വര്‍ഷത്തെ പരിശീലനമാണ് ഇവിടെ നല്‍കുക. ആദ്യ ആറു മാസത്തിനുള്ളില്‍ കുട്ടികളുടെ സമഗ്രവികസനമാണു ലക്ഷ്യം. എല്ലാ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടും. അടുത്ത ആറുമാസം ഓരോ കുട്ടിയുടെയും അഭിരുചിയും കഴിവുമനുസരിച്ചു കൃത്യമായ തൊഴില്‍ പഠിപ്പിക്കുന്നു. പിന്നീട് പ്ലേസ്‌മെന്റിലൂടെ അവരെ സ്വയംപര്യാപ്തരാക്കുകയാണു പദ്ധതിയിടുന്നത്.
30 കുട്ടികള്‍ക്കെങ്കിലും തൊഴില്‍ നല്‍കുന്ന പ്രൊഡക്ഷന്‍ യൂനിറ്റാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം സഹകരിക്കാന്‍ താല്‍പര്യമുള്ള സ്വകാര്യസ്ഥാപനങ്ങളെയും ആശ്രയിക്കും. ഇപ്പോള്‍ 28 കുട്ടികളും പത്തു ജീവനക്കാരുമാണ് നടക്കാവിലെ 'വീ സ്‌മൈല്‍' സ്ഥാപനത്തിലുള്ളത്.
യാത്രകള്‍
യാത്രകളെ ഒത്തിരി ഇഷ്ടപ്പെടുന്നയാളാണ് സൈനബ. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അവര്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞിട്ടുണ്ട്. ചൈന, മലേഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍, ഫലസ്തീന്‍, ഈജിപ്ത്, സിറിയ തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളിലൂടെയും യാത്രകള്‍ തുടരുന്നു. ഓരോ രാജ്യത്തിന്റെയും സംസ്‌കാരം, ജീവിതം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വികാസം, അധ്യാപക-വിദ്യാര്‍ഥി ബന്ധം, ബോധന രീതി എന്നിവയെല്ലാം മനസിലാക്കിയെടുക്കാന്‍ കൂടി ലക്ഷ്യമിട്ടാണു യാത്രകള്‍.
വികസിതമെന്നു പുറത്ത് അവകാശപ്പെടുന്ന രാജ്യങ്ങളിലും പട്ടിണി കിടക്കുന്ന ജനങ്ങളെ കണ്ടതായി ടീച്ചര്‍ പറയുന്നു. ന്യൂയോര്‍ക്ക്, ചിക്കാഗോ, വാഷിങ്ടണ്‍, മക്ക, മദീന, റോം, ലോസ് ആഞ്ചല്‍സ്, ലാസ്‌വേഗസ്, പാരിസ്, ബെര്‍ലിന്‍, വിയന്ന, ആംസ്റ്റര്‍ഡാം, സൂറിച്ച്, വെനീസ്, കെയ്‌റോ, ദമസ്‌കസ്, കോലാലംപൂര്‍ തുടങ്ങി വിശ്വനഗരങ്ങള്‍ സന്ദര്‍ശിച്ചിട്ടും യാത്രയോടുള്ള കൊതി ഇപ്പോഴും അടങ്ങിയിട്ടില്ല സൈനബ ടീച്ചര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."