ത്രിപുരയില്‍ മുന്‍പും സി.പി.എം പരാജയപ്പെട്ടിട്ടുണ്ട്: കോടിയേരി
കണ്ണൂര്‍: കേന്ദ്രത്തിലെ അധികാരവും പണവും വോട്ടിങ് യന്ത്രത്തിലെ കൃത്രിമവും ഉപയോഗിച്ചു ത്രിപുരയില്‍ ബി.ജെ.പി നേടിയ വിജയം താല്‍ക്കാലികമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സാധാരണമാണ്. കേരള ഭരണം പിടിക്കാമെന്നതു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലെ പൂതി മാത്രമായി അവശേഷിക്കും.
ത്രിപുരയില്‍ 1988ലും സി.പി.എം തോറ്റിട്ടുണ്ട്. അന്നു കേന്ദ്രത്തിലെ അധികാരവും ആദിവാസി, ഗോത്ര, തീവ്രവാദ സംഘടനകളുടെ സഹായവും ഉപയോഗിച്ച് കോണ്‍ഗ്രസ് ജയിച്ചു. പക്ഷേ അഞ്ചു വര്‍ഷം കഴിഞ്ഞ് സി.പി.എം അധികാരത്തില്‍ തിരിച്ചെത്തി. 2011ല്‍ പശ്ചിമ ബംഗാളിലും കേരളത്തിലും ഇടതുപക്ഷം തോറ്റു. ഇപ്പോള്‍ ത്രിപുരയില്‍ മാത്രമായില്ലേ എന്നാണ് അന്നു ചിലര്‍ ചോദിച്ചത്. കേരളത്തില്‍ മാത്രമായില്ലേ എന്ന് ഇപ്പോള്‍ ചോദിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ വിജയവും പരാജയവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ഇലക്ഷനില്‍ തോറ്റിട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് തോറ്റിട്ടുണ്ട്. പിന്നീടു തിരിച്ചെത്തിയിട്ടുമുണ്ട്. പശ്ചിമബംഗാളില്‍ 1981ല്‍ ജ്യോതിബസു തോറ്റിട്ടുണ്ട്.
പിന്നീടു മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണു ഭരണത്തില്‍ തിരിച്ചെത്തിയത്. വിന്ധ്യപര്‍വതത്തിന്റെ ഇപ്പുറം ആര്‍.എസ്.എസ് ഭരണം ഉണ്ടാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."