സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി അടവുനയമോ തെരഞ്ഞെടുപ്പ് സഖ്യമോ വേണ്ടെന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം പുറത്തുവന്നതിനു പിന്നാലെ ത്രിപുരയില്‍ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയുടെ ചൂടാറും മുമ്പ് പശ്ചിമബംഗാള്‍ ഘടകത്തിന്റെ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം.
ത്രിപുരയിലേറ്റ പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായ ഞെട്ടലില്‍ നിന്നു മുക്തമാവും മുമ്പ് തുടങ്ങുന്ന സമ്മേളനത്തില്‍ പ്രധാനചര്‍ച്ചയായി കോണ്‍ഗ്രസുമായുള്ള സഖ്യം ഉയര്‍ന്നുവരും.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് നേരത്തേ കേന്ദ്രകമ്മിറ്റിയില്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നതും ബംഗാള്‍ ഘടകമായിരുന്നു. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, എം.എ ബേബി എന്നിവരും പങ്കെടുക്കും. സൂര്യകാന്ത് മിശ്ര സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. ഇദ്ദേഹം ഒഴിയുകയാണെങ്കില്‍ മുഹമ്മദ് സലിമിനാണ് നറുക്കുവീഴും.
കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച ആവശ്യം ഉപേക്ഷിച്ചിട്ടില്ലെന്ന് ഇതിനകം തന്നെ ബംഗാള്‍ ഘടകം പരസ്യമാക്കിയിട്ടുണ്ട്. ത്രിപുരയിലെ പരാജയത്തിനു പിന്നാലെ പുതിയ വഴിയെ കുറിച്ച് പാര്‍ട്ടി ആലോചിക്കേണ്ടതുണ്ടെന്ന് ബംഗാളില്‍ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗം ഹന്നന്‍ മുല്ല പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയപ്രമേയം തയാറായിട്ടുണ്ട്. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ട എന്നതാണ് പ്രമേയത്തിന്റെ കാതല്‍. എന്നാല്‍, ത്രിപുരയിലെ പരാജയത്തിനു പിന്നാലെ പാര്‍ട്ടിയുടെ രാഷ്ട്രീയ വഴിയും തന്ത്രവും മാറ്റേണ്ടതിനെ കുറിച്ച് പുനരാലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി അടവുനയത്തിനുള്ള ജാലകം തുറന്നിടാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്ന് മറ്റൊരു പി.ബി അംഗവും പറഞ്ഞു. ത്രിപുരയിലെ പരജായം ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീം പറഞ്ഞു.
കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യവും വേണ്ടെന്ന നിലപാടില്‍ അയവു വരുത്താന്‍ ത്രിപുരയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പോലും കാരാട്ട് പക്ഷം തയാറായിട്ടില്ല. കാരാട്ട് പക്ഷത്തിന്റെ ഈ രാഷ്ട്രീയ ലൈനിനാണ് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷം ലഭിച്ചത്. അതേ സമയം പുതിയ സാഹചര്യത്തില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഔദ്യോഗിക രേഖയായി അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ ബംഗാള്‍ ഘടകം ബദല്‍ രേഖ ചര്‍ച്ചയ്ക്ക് വയ്ക്കുമെന്നുറപ്പായി. ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന യെച്ചൂരിയുടെ രാഷ്ട്രീയ ലൈനിനെയാണ് ബംഗാള്‍ ഘടകം പിന്തുണയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."