മുരുകന്റെ മരണം: ഡോക്ടര്‍മാരെ വെള്ളപൂശി മെഡിക്കല്‍ ബോര്‍ഡ്
തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന് ചികിത്സ നല്‍കുന്നതില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നുവെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. മാത്രമല്ല, മുരുകനെ പ്രവേശിപ്പിക്കാന്‍ പറ്റിയ തരത്തിലുള്ള വെന്റിലേറ്റര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇല്ലായിരുന്നു. രക്ഷിക്കാന്‍ പറ്റിയ സ്ഥിതിയായിരുന്നില്ല. ജി.സി.എസ് (കോമ അവസ്ഥ) ഏറ്റവും കുറഞ്ഞ സ്‌കോറായ മൂന്നില്‍ ആയിരുന്നു. മുരുകന്റെ കൃഷ്ണമണികളുടെ ചലനം നിലച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജന്‍ പി.കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രികളില്‍ ന്യൂറോ സര്‍ജന്‍ ഇല്ലാതിരുന്നതും വെന്റിലേറ്ററുകളുടെ അഭാവവുമാണ് ചികിത്സ നല്‍കാന്‍ തടസമായതെന്നും മുരുകനെ ആശുപത്രിയില്‍ കൊണ്ടുവന്ന കാര്യം ഡ്യൂട്ടി ഡോക്ടര്‍മാര്‍ ആശുപത്രി രേഖകളില്‍ ആക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ട്രോമാ കെയര്‍ സംവിധാനം ഒരുക്കണം, കുറ്റമറ്റ രീതിയില്‍ അടിയന്തര ചികിത്സ വിഭാഗം വേണമെന്നും അപകട ചികിത്സ മേഖലയില്‍ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. നേരത്തെ ക്രൈംബ്രാഞ്ചും, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയും അന്വേഷിച്ചപ്പോള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയത്.
ഇവര്‍ നല്‍കിയതിന് വിപരീതമായാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
അതേ സമയം, മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരോട് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ വിശദീകരണം തേടിയിട്ടുണ്ട്. അന്ന് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ജറി വിഭാഗം ഡ്യൂട്ടി ഡോക്ടര്‍ ഡോ.വി.ശ്രീകാന്ത്, ജൂനിയര്‍ റസിഡന്റ് ഡോ.പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യ വകുപ്പ് വിശദീകരണം തേടിയത്.
ഇരുവരും വിശദീകരണം ഉടന്‍ നല്‍കണമെന്ന് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവില്‍ പറഞ്ഞിരുന്നു.
വിശദീകരണം തേടിയതിനു പിന്നാലെയാണ് ഡോക്ടര്‍മാരെ വെള്ളപൂശി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."