മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ വിഎസിന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ വെള്ളാപ്പള്ളിക്കെതിരേ വിഎസ് കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സ് ഒരു മാസത്തെ സാവകാശം തേടിയിട്ടുണ്ട്.
ദക്ഷിണമേഖലാ ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
തിരുവനന്തപുരം യൂനിറ്റിലെ സി.ഐയുടെ നേതൃത്വത്തിലാണ് നേരത്തെ അന്വേഷണം നടന്നിരുന്നത്. വിജിലന്‍സ് എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നല്കിയ ഹരജിയില്‍ കഴിഞ്ഞദിവസം ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേസിന്റെ അടിസ്ഥാന വിവരങ്ങള്‍പോലും അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലെന്ന് വിമര്‍ശിച്ച കോടതി കേസിന്റെ വിശദാംശങ്ങള്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
എസ്.എന്‍.ഡി.പി യോഗത്തിനുകീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണംചെയ്യാന്‍ പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടി വായ്പയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.
പിന്നോക്ക വികസന കോര്‍പറേഷന്റെ നിബന്ധനപ്രകാരം അഞ്ച് ശതമാനം പലിശക്ക് സംഘങ്ങള്‍ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശക്ക് വിതരണംചെയ്തുവെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയെ പ്രതിയാക്കിയത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."