ചരിത്രമെഴുതി കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ച
പ്യോങ്യാങ്: പരസ്പര വൈരംനിറഞ്ഞ പതിറ്റാണ്ടുകളുടെ ചരിത്രത്തിനൊടുവില്‍ സമവായത്തിന്റെ പുത്തന്‍ അധ്യായം തുന്നിച്ചേര്‍ത്ത് കൊറിയന്‍ നേതാക്കള്‍. പ്യോങ്യാങ്ങില് ഇരുകൊറിയകളുടെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കൂടിക്കാഴ്ച പരസ്പര സഹകരണം ശക്തമാക്കാന്‍ ആഹ്വാനം ചെയ്താണു പിരിഞ്ഞത്.
ദേശീയ സുരക്ഷാ വകുപ്പു മേധാവി ചുങ് ഇയൂ യോങ്ങിന്റെ നേതൃത്വത്തിലുള്ള പത്തംഗ ദ.കൊറിയന്‍ സംഘമാണ് മേഖലയില്‍ സുസ്ഥിര സമാധാനം പുനഃസ്ഥാപിക്കാനുള്ള അജന്‍ഡകളുമായി ഉ. കൊറിയയിലെത്തിയത്. രണ്ടുദിവസം നീണ്ടുനിന്ന ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവില്‍ ഉ. കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുകയും ഉന്നിന്റെ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്താണു സംഘം നാട്ടിലേക്കു തിരിച്ചത്. ഉടന്‍തന്നെ ഇരുകൊറിയയുടെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.അതിനിടെ, അമേരിക്ക നേരിട്ടു ചര്‍ച്ചയ്ക്കു സന്നദ്ധമായാല്‍ ആണവപരീക്ഷണം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവയ്ക്കാന്‍ തയാറാണെന്ന് കിം ജോങ് ഉന്‍ അറിയിച്ചു. കൊറിയന്‍ ഭൂഖണ്ഡത്തെ ആണവവിമുക്തമാക്കാന്‍ ഉ.കൊറിയ എല്ലാവിധ സന്നദ്ധതയും അറിയിച്ചതായി ചുങ് ഇയൂ യോങ് മാധ്യമങ്ങളോടു പറഞ്ഞു. തങ്ങള്‍ക്കെതിരായ സൈനിക ഭീഷണികള്‍ ഇല്ലാതാകുകയും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ഉറപ്പുലഭിക്കുകയുമാണെങ്കില് ഏതുതരം വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."