കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം; ജോയ്‌സ് ജോര്‍ജിന് പൊലിസിന്റെ ക്ലീന്‍ചിറ്റ്
തൊടുപുഴ: കോളിളക്കം സൃഷ്ടിച്ച കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്ക് അനുകൂലമായി പൊലിസ് റിപ്പോര്‍ട്ട്. കൊട്ടക്കാമ്പൂരിലെ ഭൂമി ജോയ്‌സ് ജോര്‍ജിന് കിട്ടിയത് നിയമപരമായിട്ടാണെന്ന് മൂന്നാര്‍ ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതുമൂലം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും 28 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് കഴിഞ്ഞ നവംബര്‍ 11ന് റദ്ദാക്കിയത്. വ്യാജപട്ടയത്തിലൂടെ സര്‍ക്കാരിന്റെ തരിശുഭൂമി കൈയേറിയെന്ന് ദേവികുളം സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പട്ടയം റദ്ദ് ചെയ്യുകയായിരുന്നു. കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക്‌നമ്പര്‍ 58ല്‍ 32 ഏക്കര്‍ സ്ഥലമാണ് ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ളത്. ഈ ഭൂമിയില്‍ 28 ഏക്കറിന്റെ രേഖകള്‍ കൃത്യമല്ലെന്ന് കാട്ടി റദ്ദാക്കുകയായിരുന്നു. ജോയ്‌സ് ജോര്‍ജ്, ഭാര്യ അനൂപ, ജോയ്‌സിന്റെ സഹോദരങ്ങളായ ജോര്‍ജി ജോര്‍ജ്, രാജീവ് ജ്യോതിഷ്, സഹോദരീഭര്‍ത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരന്‍ ജസ്റ്റിന്റെ ഭാര്യ ജിസ്, മാതാവ് മേരി ജോര്‍ജ് എന്നിവരുടെ പേരിലുള്ളതാണ് പട്ടയം റദ്ദാക്കിയ 28 ഏക്കര്‍. ഇതില്‍ ജോയ്‌സിനും ഭാര്യയ്ക്കും മാത്രമായി എട്ടേക്കറാണുള്ളത്.
കൊട്ടക്കാമ്പൂരില്‍ താമസിക്കുന്ന തമിഴ്‌വംശജരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍, മാരിയമ്മാള്‍, കുമാരക്കള്‍ എന്നിവരില്‍ നിന്ന് 2001ല്‍ ജോയ്‌സിന്റെ പിതാവ് പാലിയത്ത് ജോര്‍ജ് 32 ഏക്കര്‍ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണിയിലൂടെ കൈവശപ്പെടുത്തിയതായി 2014ല്‍ കലക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. വ്യാജരേഖ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരില്‍ പട്ടയം തരപ്പെടുത്തുകയും പിന്നീട് വസ്തു സ്വന്തമാക്കുകയും ചെയ്‌തെന്നാണ് ആരോപണം. മന്ത്രി എം.എം.മണിയും കൊട്ടക്കാമ്പൂര്‍ ഭൂമിവിഷയത്തില്‍ എം.പിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാര്‍ ഡിവൈ.എസ്.പിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."