ശുഹൈബ് വധക്കേസ്: ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിന്
കൊച്ചി: ശുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സി.പി.എമ്മിനും സര്‍ക്കാരിനും ശക്തമായ ആഘാതം ഏല്‍പ്പിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് അപക്വമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ച് മുന്‍പാകെ അപ്പീല്‍ പോകുവാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം തയാറാക്കുന്ന ഘട്ടത്തിലേക്ക് പൊലിസ് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കോടതി വിധിയുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുക.
ശുഹൈബിന്റെ കൊലപാതകം നടന്നിട്ട് 25 ദിവസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിനിടയില്‍ കേസില്‍ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോയിട്ടുള്ളത്.
ഫലപ്രദമായ അന്വേഷണം ഉത്തരമേഖലാ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ നടക്കുകയാണ്. കുറ്റപത്രം തയാറാക്കുന്ന ഘട്ടത്തിലേക്ക് അന്വേഷണം നീങ്ങുകയാണ്.
സംസ്ഥാന പൊലിസ് തന്നെ കേസ് അന്വേഷിക്കുന്നതിന് പ്രാപ്തമാണെന്നും ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി ശരിയല്ലെന്നും അപക്വമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.
സി.ബി.ഐക്ക് വിടാനുള്ള തീരുമാനമെടുക്കുന്നതിനായി കേസ് സംബന്ധിച്ച് മതിയായ കാര്യങ്ങള്‍ കോടതി പരിഗണനയ്ക്ക് എടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സുപ്രിംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."