സമ്മര്‍ദ തന്ത്രത്തില്‍ കീഴടങ്ങി ഉത്തരകൊറിയ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റടുത്തത് മുതല്‍ ഉത്തരകൊറിയയുമായുള്ള ബന്ധങ്ങള്‍ സുഖകരമായിരുന്നില്ല. ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടായത്. ട്രംപിന്റെ ഭീഷണികള്‍ക്ക് അതേ നാണയത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും മറുപടി നല്‍കി.
ബാലസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയായിരുന്ന ഉത്തരകൊറിയയെ പിടിച്ചുകെട്ടിയത് യു.എസ് നേതൃത്വത്തിലുള്ള ഉപരോധം ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങളായിരുന്നു. തുടര്‍ച്ചയായ ഭൂഖണ്ഡേതര മിസൈലുകളുടെ പരീക്ഷണങ്ങളാല്‍ 2017ല്‍ യു.എന്‍ രക്ഷാസമിതി ഐകകണ്‌ഠേന ഉത്തരകൊറിയക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി. തുടര്‍ന്ന് ഉത്തരകൊറിയയുമായി വ്യാപാരം ഉള്‍പ്പെടെയുള്ളവ നടത്തുന്നതിനും ഇറക്കുമതി, കയറ്റുമതികള്‍ നടത്തുന്നതിനും ശക്തമായ നിയന്ത്രണങ്ങളാണ് പ്രബല്യത്തില്‍വന്നത്.
ഇതിനെ തുടര്‍ന്നാണ് ദക്ഷിണകൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന് പങ്കെടുക്കാന്‍ ഉത്തരകൊറിയ സമ്മതം അറിയിക്കുന്നത്. ശത്രുക്കളായി നിന്നിരുന്ന ഇരു കൊറിയകള്‍ക്കിടിയിലെമഞ്ഞുരുകലിന്റെ തുടക്കമായിരുന്നു ഇത്. തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടിയിലെയും ചര്‍ച്ചകളാണ് ട്രംപ് - കിം കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയത്.
ഉത്തരകൊറിയന്‍ ഭരണാധികാരിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ മുന്‍പ് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടില്ല. ഇതിന്നായി നിര്‍ണായക ശ്രമങ്ങള്‍ 2008ല്‍ നടത്തിയെങ്കിലും ആണവായുധ പരിശോധനകള്‍ നടത്താന്‍ ഉ.കൊറിയ വിസമ്മതിച്ചതിനാല്‍ ചര്‍ച്ച മുടങ്ങുകയായിരുന്നു. 2012ല്‍ ഉ.കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നുള്ള സമ്മര്‍ദത്തില്‍ അമേരിക്കയുമായി കരാറില്‍ എത്തിച്ചേര്‍ന്നെങ്കിലും കൂടിക്കാഴ്ചയുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."