ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: വീട്ടുവേലക്കാരന് പിടിയില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശികളായ വൃദ്ധദമ്പതികളെ മധ്യപ്രദേശിലെ ഭോപ്പാലില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുവേലക്കാരനെ പൊലിസ് പിടികൂടി. സംഭവത്തില്‍ ദമ്പതികളുടെ അയല്‍വാസിയും വീട്ടുവേലക്കാരനുമായ രാജു (32)വിനെയാണ് പിപിലാനി പൊലിസ് പിടികൂടിയത്.
ഭോപ്പാല്‍ ഹജൂരി കലനിലെ നര്‍മ്മദാ വാലിയിലെ 13ാം നമ്പര്‍ വീട്ടില്‍ താമസിക്കുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ മണ്ണാര്‍ക്കാട് നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന് നായര്‍ (74), ഭാര്യ റിട്ട. നഴ്സ് ഗോമതി (63) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്.
വ്യാഴാഴ്ച രാത്രി ഗോപാലകൃഷ്ണന് നായരോട് രാജു പണം കടം ചോദിച്ചിരുന്നു. എന്നാല്‍ തുക ലഭിക്കാത്തത് കാരണം വാക്കേറ്റം നടക്കുകയും തുടര്‍ന്ന് കൊലപാതകത്തിലെത്തിയെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംഭവത്തിനിടെ പ്രതി രാജുവിന്റെ കാലില്‍ പരുക്കേറ്റതും ആശുപത്രിയില്‍ ചികിത്സ തേടിയതുമാണ് ഇയാളെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യമെന്നാണ് പറയപ്പെടുന്നത്. ഗോമതിയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടത് കാരണം മോഷണശ്രമത്തിനിടെയുളള കൊലപാതകമാണോയെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണമാലയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."