വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ കൊപ്ര സംസ്കരണ യൂനിറ്റുമായി കേരഫെഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ കേരഫെഡ് കൊപ്ര സംസ്കരണ യൂനിറ്റ് ആരംഭിക്കുന്നു. കേരഫെഡ് നിലവില്‍ കൊപ്ര പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ഇതിനുപകരം കൊപ്ര സംസ്കരണ യൂനിറ്റ് ആരംഭിച്ച് ഉല്പാദന ചെലവ് കുറച്ച് കേര വെളിച്ചെണ്ണയുടെ വില കുറയ്ക്കാനാണ് കേരഫെഡ് ലക്ഷ്യമിടുന്നത്.
കുറഞ്ഞ വിലയില്‍ കേര വെളിച്ചെണ്ണ സുലഭമാകുന്നതോടെ സംസ്ഥാനത്തെ വെളിച്ചണ്ണ വില നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ.
കൊപ്രയുടെ ക്ഷാമവും വിലക്കയറ്റവുമാണ് വെളിച്ചെണ്ണ വിപണിയില്‍ കാര്യമായി ഇടപെടുന്നതിന് കേരഫെഡിന് തടസമാകുന്നത്. ഉയര്‍ന്ന വിലയിലാണ് കേരഫെഡ് ഇപ്പോള്‍ കൊപ്ര വാങ്ങുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ആര്.കെ.വി.വൈ സ്കീമില്‍ ഉള്‍പ്പെടുത്തി കേരഫെഡിന്റെ കരുനാഗപ്പള്ളി പ്ലാന്റിലാണ് കൊപ്ര സംസ്കരണ യൂനിറ്റ് ആരംഭിക്കുന്നത്. 22 കോടി ചെലവില്‍ 150 ടണ്‍ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതില്‍ 19.80 കോടി രൂപക്ക് ആര്.കെ.വി.വൈ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞു. ബാക്കി 2.2 കോടി കേരഫെഡിന്റെ വിഹിതമാണ്.
കൂടാതെ 20 കൊപ്ര ഡ്രയറുകള്‍ സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളില്‍ സ്ഥാപിക്കുന്നതിനും കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഡ്രയര്‍ സ്ഥാപിക്കുന്നതിന്റെ നടപടികളും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."