ഫണ്ട് വെട്ടിക്കുറച്ചു; 'മികവ്' ഉത്സവങ്ങളുടെ നിറംമങ്ങുന്നു
കോഴിക്കോട് (എടച്ചേരി): ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനാല്‍ എസ്.എസ്.എയുടെ കീഴില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന 'മികവ്' ഉത്സവത്തിന്റെ നിറം മങ്ങുന്നു. അക്കാദമികവും ഭൗതികവുമായ രംഗങ്ങളില്‍ വിദ്യാലയങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായിരുന്നു മികവ് ഉത്സവങ്ങള്‍. പഞ്ചായത്തുകള്‍ക്കായിരുന്നു നടത്തിപ്പ് ചുമതല . മികവുത്സവങ്ങള്‍ക്ക് ആവശ്യമായ വേദി, കുട്ടികളുടെ ഭക്ഷണം. മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടത് അതതു പഞ്ചായത്തുകളാണ്. കഴിഞ്ഞവര്‍ഷം വരെ മികവുത്സവത്തിന്റെ നടത്തിപ്പിന് 10,000 രൂപ വീതം ഓരോ പഞ്ചായത്തിനും അനുവദിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം ഇത് 1,000 രൂപയാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. ഈ തുകകൊണ്ട് മികവുത്സവം സംഘടിപ്പിക്കാന്‍ പറ്റില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കൂടുതല്‍ വിദ്യാലയങ്ങളുള്ള വലിയ പഞ്ചായത്തുകളില്‍ രണ്ടു ക്ലസ്റ്ററുകളായാണ് ഇത് സംഘടിപ്പിക്കേണ്ടത്.
പഞ്ചായത്തുതലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൂന്നുവീതം സ്‌കൂളുകളെ മണ്ഡലംതല (ബി.ആര്‍.സി) മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. അവിടെ നിന്ന് ജില്ലകളിലേക്കും ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."