സ്മാര്‍ട് ഫിഫ്റ്റി മത്സരം: ദക്ഷിണേന്ത്യയിലെ മികച്ച 40 സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി നവാള്‍ട്ടും
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സൗരോര്‍ജ യാത്രാബോട്ടുകള്‍ അവതരിപ്പിച്ച കൊച്ചിയിലെ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ട്‌സ് എന്ന സ്റ്റാര്‍ട്ടപ് 'സ്മാര്‍ട് ഫിഫ്റ്റി' മല്‍സരത്തില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള 40 മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.
കൊല്‍ക്കത്ത ഐ.ഐ.എം. ഇന്നവേഷന്‍ പാര്‍ക്ക്, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമായി ചേര്‍ന്നാണ് രാജ്യവ്യാപകമായി മികച്ച ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കാന്‍ സ്മാര്‍ട്ട് ഫിഫ്റ്റി മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്.
സംരംഭകത്വത്തിലൂടെയുള്ള സാമൂഹിക വികസനം വഴി ഇന്ത്യയില്‍ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പാത പിന്തുടര്‍ന്നാണ് സ്മാര്‍ട് ഫിഫ്റ്റി മല്‍സരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷ (കെ.എസ്യു.എം) ന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നവാള്‍ട്ട് അമേരിക്കയിലെ ലൊസാഞ്ചലസില്‍ നടന്ന ക്ലീന്‍ടെക് ഗ്ലോബല്‍ ഫോറം 2017ല്‍ പങ്കെടുത്ത് ക്ലീന്‍ടെക് ഇന്നവേഷന്‍ അവാര്‍ഡും നേടിയിരുന്നു.
സ്മാര്‍ട് ലേണിങ്, സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍, സ്മാര്‍ട് മണി, സ്മാര്‍ട് സസ്‌റ്റൈനബിലിറ്റി, സ്മാര്‍ട് ലിവിങ്, സ്മാര്‍ട് ഹെല്‍ത് എന്നീ മേഖലകളില്‍ പുത്തന്‍ ആശയങ്ങള്‍ സംഭാവന ചെയ്യുകയും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംരംഭകരെ കണ്ടെത്താനാണ് സ്മാര്‍ട് ഫിഫ്റ്റി മത്സരം.
തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രാഥമിക ക്യാംപ് മാര്‍ച്ച് 19 മുതല്‍ 22 വരെ കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നടക്കും. മാര്‍ച്ച് 23നു നടക്കുന്ന സെമി ഫൈനലില്‍നിന്ന് 10 സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കും. മാര്‍ച്ച് 31 ന് ഡല്‍ഹിയിലാണ് ഗ്രാന്‍ഡ് ഫിനാലെ. ഏറ്റവും മികച്ച മൂന്ന് ആശയങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരഞ്ഞെടുക്കും.
ഏറ്റവും മികച്ച പത്തു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരുകോടി രൂപ വീതം ഫണ്ടും കൊല്‍ക്കത്ത ഐ.ഐ.എം. ഇന്നവേഷന്‍ പാര്‍ക്കില്‍ ഇന്‍കുബേഷന്‍ അവസരവും ലഭിക്കും. മികച്ച 50 സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്നവയ്ക്ക് നാലു ലക്ഷം രൂപ വീതം ഫണ്ടും മെന്ററിങ് അവസരവും ലഭിക്കും. മികച്ച നാനൂറ്സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലുള്‍പ്പെടുന്നവയ്ക്ക് ഒരു ലക്ഷം രൂപ വീതവും ആദ്യ 3000 സ്റ്റാര്‍ട്ടപ്പുകളില്‍പ്പെടുന്നവയ്ക്ക് 50,000 രൂപ വീതവും ഫണ്ട് ലഭിക്കും. സൗരോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന ആദിത്യ എന്ന യാത്രാബോട്ട് ഉപയോഗിച്ച് വേമ്പനാട് കായലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിജയകരമായി ഗതാഗതസൗകര്യമൊരുക്കുന്ന നവാള്‍ട്ട് 2013 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.
കാര്‍ബണ്‍ പുറന്തള്ളലിന്റെതോത് കുറയ്ക്കുന്നതിലൂടെ കായലുകളുടെ പരിസ്ഥിതി സംരക്ഷണത്തിനും നവാള്‍ട്ടിന്റെ നൂതന സംവിധാനത്തിലൂടെ കഴിഞ്ഞു. വേമ്പനാട് കായലിലെ തിരക്കേറിയ വൈക്കം തവണക്കടവ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ആദിത്യ ഇതുവരെ അഞ്ചുലക്ഷത്തോളം യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. 75 സീറ്റുള്ള ആദിത്യ, കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ 2017 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നീറ്റിലിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."