എം.ജി സര്‍വകലാശാലാ കലോത്സവം; മാപ്പിളശീലിന്റെ താളത്തില്‍
കൊച്ചി: എം.ജി കോലത്സവത്തിന്റെ നാലാം ദിനമായ ഇന്നലെ പ്രധാനവേദിയില്‍ നിറഞ്ഞാടിയത് കോല്‍ക്കളിയുടെയും ദഫ്മുട്ടിന്റെയും താളമായിരുന്നു. പാട്ടുകളി ചെറുതാളത്തില്‍ തുടങ്ങി താളക്കളിയോടൊപ്പം മുറുക്കത്തില്‍ അവസാനിക്കവെ കോല്‍കളി മത്സര വേദിയില്‍ നടന്നത് പ്രതിഭകളുടെ പ്രകടനം.
മത്സരിച്ച എല്ലാ ടീമുകളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. കോല്‍ക്കളിയുടെ താളങ്ങള്‍ അവസാനിച്ചതോടെ വേദി ദഫിന്റെ താളത്താല്‍ മുഖരിതമായി. സലാത്തില്‍ ആരംഭിച്ച് പതിഞ്ഞ ശബ്ദത്തോടെ മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിവയിലൂടെ ദ്രൂതതാളത്തിലെത്തി അവസാനം പതിഞ്ഞതാളത്തിലാണ് ദഫ്മുട്ട് അവസാനിക്കുന്നത്. ഇരുന്നും നിന്നും ചാഞ്ഞും ചെരിഞ്ഞും ചുറ്റിയും ഉള്ള ശരീര ചലനങ്ങളാണ് ദഫ് മുട്ടിന്റെ ആകര്‍ഷണം. പളപള മിന്നുന്ന കുപ്പായവും മുണ്ടും ധരിച്ചാണ് കലാകാരന്‍മാര്‍ ദഫ്മുട്ട് വേദിയിലെത്തുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ദഫ്മുട്ട് ദ്രുതതാളത്തിലേക്കെത്തുന്നതോടെ വേദിയും സദസും ഒരുപോലെ ആവോശത്തിലാകുന്ന കാഴ്ച്ചയാണ് ഇന്നലെ രാജേന്ദ്രമൈതാനിയില്‍ കണ്ടത്.
രാവിലെ നടന്ന കോല്‍ക്കളിയിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. കണ്ണില്‍ ശൂര പൊരുളല്ലേ..., ഖല്‍ബില്‍ ദേശപൊലിവാല്‍...' മാപ്പിള ഗാനശാഖയിലെ പകരം വെക്കാനില്ലാത്ത മഹാരഥന്മാരുടെ ഗാനങ്ങള്‍ കോല്‍കളിയില്‍ ഉയര്‍ന്നപ്പോള്‍ ജനനിബിഡമായിമാറി രാജേന്ദ്രമൈതാനം. ബദര്‍ യുദ്ധ ചരിത്രമാണ് കൂടുതല്‍ ടീമുകളും പാട്ടുകളില്‍ പറഞ്ഞത്.
മൊയിന്‍കുട്ടി വൈദ്യര്‍ മുതല്‍ ഇങ്ങോട്ടുള്ള രചയിതാക്കളുടെ ഇശലുകള്‍ക്ക് കലാകാരന്മാര്‍ കോല്‍കളികൊണ്ട് അകമ്പടിതീര്‍ത്തപ്പോള്‍ സദസാകെ ആവേശത്തിലായി. വട്ടക്കോലില്‍ തുടങ്ങി മറിഞ്ഞാടിക്കളിച്ച് ചാഞ്ഞാടി മുന്നോട്ട് വച്ച് ഒഴിച്ചില്‍ മുട്ടിയാണ് കോല്‍കളി കലാകാരന്മാര്‍ സദസിനെ കൈയിലെടുക്കുന്നത്.
കലോത്സവത്തിെന്റ പ്രധാന വേദിയില്‍ തിങ്കളാഴ്ച കോല്‍ക്കളി മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയതായാണ് വിധികര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. പങ്കെടുത്ത 16 ടീമുകളും മികച്ചപ്രകടനമാണ് നടത്തിയതെന്നും കഠിന പരിശീലനത്തിന്റെ ഗുണം വേദിയില്‍ വ്യക്തമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ കേരളത്തില്‍ വേരുറച്ച കോല്‍ക്കളി മധ്യകേരളത്തിലേക്ക് അതിന്റെ തനിമ നഷ്ടപ്പെടാതെ എത്തിക്കാന്‍ കഴിഞ്ഞതില്‍ എം.ജി കലോത്സവത്തിന് നന്ദിയും വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തി.
കോല്‍കളി സംഘത്തിനു നേരെ ആക്രമണശ്രമം
കൊച്ചി: രാജേന്ദ്ര മൈതാനിയില്‍ നടന്ന വാശിയേറിയ കോല്‍കളി മത്സരത്തിനിടെ കൈയാങ്കളി. കോല്‍കളിയില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുള്ള മാറമ്പള്ളി എം.ഇ.എസ് കോളജില്‍നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണശ്രമം.
മത്സരം തീര്‍ന്നയുടന്‍ മഹാരാജാസിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ അക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വേദിയില്‍നിന്ന് സുഭാഷ് പാര്‍ക്ക് വരെ ഓടിയാണ് പലരും രക്ഷപ്പെട്ടത്.
കഴിഞ്ഞവര്‍ഷം കോല്‍ക്കളിയില്‍ മാറമ്പള്ളി കോളജ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ മഹാരാജാസ് ടീം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ മത്സരത്തിനു മുമ്പായി മാറമ്പിള്ളി എം.ഇ.എസ് കോളജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ മഹാരാജാസ് ടീമിനെ പരിഹസിച്ചുകൊണ്ട് ട്രോള്‍ ഇറക്കിയിരുന്നു.
സീനിയര്‍ വിദ്യാര്‍ഥികളും കോല്‍കളി ടീമംഗങ്ങളും ചേര്‍ന്ന് ട്രോള്‍ പിന്‍വലിച്ചിരുന്നെങ്കിലും അതിലുള്ള പ്രതികാരമാകാം ആക്രമണശ്രമമെന്ന് എം.ഉഎസ് ടീമംഗങ്ങള്‍ പറഞ്ഞു. കോളജില്‍നിന്നുള്ള ഏതാനും എസ്.എഫ്.ഐ പ്രവര്‍ത്തകരും മഹാരാജാസ് വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. നിയമപരമായ നടപടിക്കൊരുങ്ങുകയാണെന്നു എം.ഇ.എസിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇരട്ടനേട്ടവുമായി നിലോഫര്‍
കൊച്ചി: ഭാഷകളിലെ വൈവിധ്യം ആസ്വദിക്കുന്ന നിലോഫറിന് എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഇരട്ട നേട്ടം. ഇംഗ്ലീഷ് കവിത പാരായണം, മലയാള പ്രസംഗം എന്നീ മത്സരങ്ങളിലാണ് ഫോര്‍ട്ട്‌കൊച്ചി അക്വിനാസ് കോളജിലെ രണ്ടാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിനിയായ നിലോഫര്‍ ടി.എ ഒന്നാം സ്ഥാനത്തെത്തിയത്. പത്തു പോയിന്റുമായി കലാതിലക പട്ടത്തിനായുള്ള സാധ്യതയും നിലോഫര്‍ സജീവമാക്കി.
സിനിമാ നിരൂപണം, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസ രചന എന്നീ ഇനങ്ങളിലും നിലോഫറിന് മത്സരമുണ്ടായിരുന്നു.
സ്‌കൂള്‍ തലം തൊട്ട് സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കാറുള്ള നിലോഫറിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉര്‍ദു കഥാരചനയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. പള്ളുരുത്തി ഹോസ്പിറ്റല്‍ റോഡില്‍ താനത്തുപറമ്പില്‍ ടി.കെ അബൂബക്കറിന്റെയും ജാസ്മിന്റെയും മകളാണ്.
എറണാകുളത്തിന്റെ തേരോട്ടം
കൊച്ചി: എം.ജി സര്‍വകലാശാല യുവജനോത്സവത്തിന്റെ നാലാം ദിനത്തിലും എറണാകുളത്തെ കോളജുകള്‍ മുന്‍പന്തിയില്‍ തന്നെ. തേവര എസ്.എച്ച് കോളജ് 63 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 26 പോയിന്റ് നേടിയ സെന്റ് തെരേസാസ് കോളജ് രണ്ടാം സ്ഥാനത്തും 24 പോയിന്റുമായി മഹാരാജാസ് കോളജ് മുന്നാം സ്ഥാനത്തും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്.
നാലാം സ്ഥാനവും ജില്ലയില്‍ തന്നെയുള്ള തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിനാണ്. കോല്‍ക്കളിയില്‍ മികച്ച നിലവാരം പുലര്‍ത്തിയ അവതരണങ്ങള്‍ ഉണ്ടായിരുന്നത് കാണികളെയും വിധികര്‍ത്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തി.
കോല്‍കളിയും ദഫ്മുട്ടും നാടോടി നൃത്തവും പ്രധാന വേദിയായ രാജേന്ദ്ര മൈതാനിയില്‍ അരങ്ങേറിയപ്പോള്‍ മോഹിനിയാട്ടം പാശ്ചാത്യ വൃന്ദവാദ്യം സുഷിരവാദ്യം കര്‍ണ്ണാടക സംഗീതം തുടങ്ങിയവ മഹാരാജാസിലും അരങ്ങേറി. കലോത്സവം ചൊവ്വാഴ്ച സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."