ചട്ടങ്ങള്‍ക്ക് കാലതാമസം: കര്‍ശന നടപടി വേണമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: നിയമങ്ങള്‍ക്ക് അനുസൃതമായ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ വി.ഡി സതീശന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിങ്.
എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പിനു കീഴില്‍ വരുന്ന നിയമങ്ങള്‍ക്ക് അനുസൃതമായ ചട്ടങ്ങള്‍ യഥാസമയം പുറപ്പെടുവിക്കാത്തത് പ്രത്യേകം പരിശോധിക്കണം. ഇതിനായി നിയമവകുപ്പ് ഉള്‍പടെ എല്ലാ വകുപ്പുകളിലും നിരീക്ഷണ സംവിധാനമുണ്ടാക്കണം. വീഴ്ചകള്‍ കണ്ടെത്തുന്നപക്ഷം ഉത്തരവാദികള്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം. നിയമസഭയോ പാര്‍ലമെന്റോ ഉണ്ടാക്കുന്ന നിയമങ്ങള്‍ എന്തുതന്നെ ആയാലും അതിനുസൃതമായ ചട്ടങ്ങള്‍ യഥാസമയം പുറപ്പെടുവിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് ഖേദകരമാണ്. ഓരോ നിയമത്തിന്റെയും പേരില്‍ നിയമസഭയില്‍ ക്രമപ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതും പ്രത്യേകമായി റൂളിങ് നല്‍കേണ്ടിവരുന്നതും ആശാസ്യമല്ല. ഒരു നിയമം പാസാക്കിക്കഴിഞ്ഞാല്‍ 90 ദിവസത്തിനകം ചട്ടങ്ങള്‍ തയാറാക്കി മുന്‍കൂര്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന വ്യക്തമായ വ്യവസ്ഥ നിയമസഭാ ചട്ടങ്ങളിലുണ്ട്. അതു പാലിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."