എന്ജിന് തകരാറിന് സാധ്യത; ഇന്‍ഡിഗോയുടെ 47 വിമാനങ്ങള്‍ റദ്ദാക്കി
മുംബൈ: എന്ജിന് തകരാറിന് സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 47 വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ ഗോഎയര്‍ കമ്പനിയുടെ 18 സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്. വ്യോമയാന ഡയരക്ടര്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പറക്കലിനിടെ എന്ജിന് തകരാറുണ്ടാകാന്‍ സാധ്യതയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
ഇതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു, പട്ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
യാത്രക്കിടെയുണ്ടായ എന്ജിന് തകരാറിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്‍ഡിഗോയുടെ ഒരു വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കിയിരുന്നു. പറന്ന് 40 മിനുട്ടിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് പ്രാറ്റ് വിറ്റ്നി സീരീസുകളില്‍പ്പെട്ട എന്ജിന് ഘടിപ്പിച്ച എയര്‍ബേസ് എ 320 നിയോ വിമാനങ്ങളില്‍ പരിശോധന വേണമെന്ന് വ്യോമയാന ഡയരക്ടര്‍ ജനറല്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത്തരം എന്‍ജിനുകള്‍ ഘടിപ്പിച്ച ഇന്‍ഡിഗോ, ഗോ എയര്‍ വിമാന സര്‍വിസുകള്‍ക്കാണ് ഈ നിര്‍ദേശം തിരിച്ചടിയായത്.
അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് വിറ്റ്നിയുടെ എന്ജിന് ഘടിപ്പിച്ച വിമാനങ്ങള്‍ ഏറെ നാളായി തകരാര്‍ നേരിടുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വിസ് കമ്പനിയായ ഇന്‍ഡിഗോയുടെ ഇത്രയധികം സര്‍വിസുകള്‍ റദ്ദാക്കുന്നത് യാത്രാക്ലേശം ഉണ്ടാക്കാനിടയുണ്ട്. ആകെ 90 സര്‍വിസുകളെ പുതിയ തീരുമാനം ബാധിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."