പരിഷത്തിന്റെ കൊയ്ത്തുത്സവം ആവേശമായി ജില്ലാ സമ്മേളനത്തിന് സ്വയം ഉല്‍പാദിപ്പിച്ച അരി
മുക്കം: ഏപ്രില്‍ 28, 29 തിയതികളിലായി മുക്കത്ത് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഉച്ചഭക്ഷണത്തിനായി പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്ത നെല്ലന്റെ അരികുത്തി ചോറ് വയ്ക്കും. ഇതിനായി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചെറുവാടി പുഞ്ചപ്പാടത്ത് അഞ്ച് ഏക്കര്‍ സ്ഥലത്താണ് നെല്‍ കൃഷിയിറക്കിയത്.
സമ്മേളനങ്ങള്‍ ആഡംബരഹിതവും മാതൃകാപരമായി കൃഷി ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കൊണ്ട് തന്നെയാവണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൃഷി ചെയ്തത്. ഇതിനായി കൊടിയത്തൂര്‍ പഞ്ചായത്ത്, കൃഷി വകുപ്പ് , കൃഷി എന്‍ജിനീയറിങ് വിഭാഗം, കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവയുടെ സഹായവും ലഭിച്ചു. പൂര്‍ണമായും ജൈവ രീതിയില്‍ ചെയ്ത കൃഷിയുടെ ഒട്ടുമിക്ക പ്രവൃത്തികളും യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടത്തിയത്.
മൂന്ന് മാസം മുന്‍പ് ചെയ്ത കൃഷിയുടെ കൊയ്ത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുത്ത എം.എം സബീന, മികച്ച കൃഷിയിടമൊരുക്കിയ കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, പഞ്ചായത്തംഗങ്ങളായ കെ.എ സണ്ണി, കെ.പി ചന്ദ്രന്‍, ചേറ്റൂര്‍ മുഹമ്മദ്, പരിഷത്ത് പ്രവര്‍ത്തകരായ വിജീഷ് പരവരി, പി.എന്‍ അജയന്‍, പാടശേഖര സമിതി പ്രസിഡന്റ് മമ്മദ് കുട്ടി കുറുവാടങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."