സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനം വിടുന്നു ഭരണം പ്രതിസന്ധിയില്‍
കോട്ടയം: ഭരണം പ്രതിസന്ധിയിലാക്കി ഇതര സംസ്ഥാനങ്ങളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. രാഷ്ട്രീയസമ്മര്‍ദവും അമിത ജോലിഭാരവും കാരണമാണ് മിക്ക ഉദ്യോഗസ്ഥരും സംസ്ഥാനം വിടുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷത്തിനിടെ 13 പേരാണ് ഇത്തരത്തില്‍ പോയത്.
മൂന്നു ഐ.എ.എസുകാര്‍, അഞ്ച് ഐ.പി.എസുമാര്‍, അഞ്ച് ഐ.എഫ്.എസുകാര്‍ എന്നിവരാണ് സംസ്ഥാനം വിട്ടത്. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കേന്ദ്രം നടത്തുന്ന കേഡര്‍ റിവ്യൂവില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെടുക്കാനാകാത്തതാണ് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ ക്ഷാമത്തിന് കാരണം. പ്രതിവര്‍ഷം കേരളത്തിലേക്ക് ആറ് ഐ.എ.എസുകാരെ നല്‍കിയിരുന്നത് രണ്ടായി കുറഞ്ഞു. 2002ല്‍ രണ്ടുപേരെയും 2003ല്‍ ഒരാളെയുമാണ് കേരളത്തിനു ലഭിച്ചത്. 2004ല്‍ സംസ്ഥാനത്തിനു ലഭിച്ച ഐ.എ.എസുകാര്‍ ഇന്റര്‍സ്റ്റേറ്റ് കേഡര്‍ മാറ്റംവാങ്ങി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തു. 2005 മുതല്‍ 2007 വരെ ആവശ്യത്തിന് ഉദ്യോഗസ്ഥരെ കിട്ടിയതുമില്ല. 2008ന് ശേഷമാണ് പഴയനിലയില്‍ ഉദ്യോഗസ്ഥരെ കിട്ടിത്തുടങ്ങിയത്. എന്നാല്‍, അതുവരെ ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നേടിയെടുക്കാന്‍ സംസ്ഥാനത്തിനായില്ല. റാങ്ക് പട്ടികയില്‍ മുന്നില്‍ വരുന്നവര്‍ കേരളം തെരഞ്ഞെടുക്കാന്‍ മടിക്കുന്നതും തിരിച്ചടിയായി.
231 ഉദ്യോഗസ്ഥരുടെ തസ്തികയുള്ള കേരളത്തില്‍ 180 സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ ഒഴിവാണുള്ളത്. ഇതില്‍ ഐ.എ.എസുകാര്‍ മാത്രം 86 വരും. ഐ.പി.എസില്‍ 52ഉം ഐ.എഫ്.എസില്‍ 42ഉം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നികത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടില്ല.
ഇത്തരത്തില്‍ പല തസ്തികകളും ഒഴിഞ്ഞുകിടക്കുമ്പോഴാണ് ചിലര്‍ ദീര്‍ഘകാല അവധിയില്‍ പോകുന്നത്. ഇത്തരക്കാരുടെ എണ്ണം അടുത്തകാലത്തായി ഏറിയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനിടയില്‍ എട്ടുപേരാണ് അവധിയില്‍ പോയത്. അവധിയില്‍ പ്രവേശിച്ചവരില്‍ ഐ.എ.എസുകാരാണ് മുന്നില്‍. നാലുപേര്‍ ആറുമാസത്തിലധികം അവധിയിലാണ്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും മൂന്ന് ഐ.എഫ്.എസുകാരും ഇത്തരത്തില്‍ അവധിയിലാണ്. ഇങ്ങനെ പലരും മാറിനില്‍ക്കുന്നതോടെ ഒന്നിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്ന 16 ഐ.എ.എസുകാര്‍ സംസ്ഥാനത്തുണ്ട്്. അഞ്ച് വകുപ്പുകളുടെവരെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ കുറവുമൂലം നിലവിലുള്ളവര്‍ അമിതജോലി ചെയ്യേണ്ട അവസ്ഥയിലാണ്. ഇത് ഫയല്‍ നീക്കത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് ഭരണത്തിന്റെ വേഗം കുറയ്ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വകുപ്പുകള്‍ കൈകാര്യംചെയ്യാന്‍ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ കിട്ടുന്നില്ലെന്ന് പല മന്ത്രിമാരും ഇതിനകം പരാതിപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."