ബി.എസ്.പിയുമായി സഖ്യം തുടരും: എസ്.പി
ന്യൂഡല്‍ഹി: എസ്.പിയും ബി.എസ്.പിയും സഖ്യംചേര്‍ന്ന് മത്സരിച്ച് ബി.ജെ.പിയുടെ കോട്ടകള്‍ തകര്‍ത്തതിനു പിന്നാലെ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും ബന്ധം തുടരുമെന്നറിയിച്ച് ഇരുപാര്‍ട്ടികളും. ഭാവിയിലും ബി.എസ്.പിയുമായുള്ള സഖ്യം ഉണ്ടാകുമെന്ന് എസ്.പി ജനറല്‍ സെക്രട്ടറി രാംഗോവിന്ദ് ചൗധരി അറിയിച്ചു.
കഴിഞ്ഞദിവസം പുറത്തുവന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗൊരഖ്പുര്‍, ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ ഫുല്‍പുര്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്കു കനത്ത തിരിച്ചടിയായതിനു പിന്നാലെയാണ് എസ്.പി നേതാവിന്റെ പ്രസ്താവന. എസ്.പിയുമായി സഖ്യം തുടരുന്നത് പരിഗണനയിലാണെന്ന് കഴിഞ്ഞദിവസം ബി.എസ്.പിയും അറിയിച്ചിരുന്നു.
അതേസമയം ഉപതെരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്തെ എല്ലാവിഭാഗം ആളുകളുടേതുമാണെന്ന് മുന്‍മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു. അഹങ്കാരം നിറഞ്ഞ ഭാഷയായിരുന്നു ബി.ജെ.പിയുടേത്. പൊതുജനങ്ങളുടെ വിധിയെഴുത്ത് അത് അവസാനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതിരുന്ന അഖിലേഷ്, അവരുമായി നല്ല ബന്ധമാണുള്ളതെന്നും ഭാവിയിലും അത് തുടരുമെന്നും അറിയിച്ചു.
അതിനിടെ, തെരഞ്ഞെടുപ്പുഫലം കനത്ത തിരിച്ചടിയായതിനെത്തുടര്‍ന്ന് മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയാണ് ഇന്നലത്തെ യോഗി ആദിത്യനാഥിന്റെ ദിനം കഴിഞ്ഞത്. ഇന്നലത്തെ എല്ലാ ഔദ്യോഗിക പരിപാടികളും യോഗി റദ്ദാക്കുകയുണ്ടായി. ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."