കമ്മീഷനുകള്‍ ദര്‍ശിച്ച വ്യാകുലതകള്‍
ന്യൂനപക്ഷങ്ങളുടെ ഇതപര്യന്തമുള്ള പുരോഗതിയെ ലക്ഷീകരിച്ച് സര്‍ക്കാറുകള്‍ വിവിധ കമ്മീഷനുകളെ നിയോഗിക്കുകയും പഠന റിപ്പോര്‍ട്ടുകള്‍ സാഘോഷം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യമാത്ര പ്രസക്തമായ തുടര്‍നടപടികള്‍ ഉണ്ടായില്ല എന്നതാണ് വസ്തുത. ദാരിദ്യം, നിരക്ഷരത, ശിശുമരണ നിരക്ക് എന്നിവയില്‍ മുസ്ലിം വിഭാഗവും മറ്റു സാമൂഹിക മത ഗ്രൂപ്പുകളും തമ്മില്‍ നിലനില്‍ക്കുന്ന അന്തരം രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശക്തമായി ആവര്‍ത്തിച്ചു പറയുന്നുണ്ട്. ആ അന്തരത്തെ കുടുതലാക്കാനുള്ള നയനിലപാടുകളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
സാമൂഹിക സാമ്പത്തിക മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിംകള്‍ക്ക് സാധിച്ചിട്ടില്ല എന്ന് സച്ചാര്‍ സമര്‍ഥിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുവില്‍ പഠിക്കുന്നതിനപ്പുറം മുസ്ലിം വിഭാഗത്തിന് പ്രത്യേക പരിഗണന കൊടുത്തുകൊണ്ടുളള പ്രഥമ റിപ്പോര്‍ട്ടാകുന്നു സച്ചാര്‍ കമ്മിറ്റിയുടേത്. വിഭജനത്തിന്റെ അനന്തര ഫലമെന്ന നിരര്‍ഥകവാദത്തെ നിരാകരിച്ചുകൊണ്ട് മുസ്ലിം വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി ഉയര്‍ത്താനായി സ്വാതന്ത്ര്യലബ്ധി മുതല്‍ ഇന്ത്യയില്‍ നടപ്പാക്കിയ പരിപാടികളുടെയും നയങ്ങളുടെയും പരാജയത്തെ ഈ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. യുക്തിഭദ്രമായി കരുതലോടെ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ അതിക്രൂരമായി അപഹരിക്കപ്പെട്ട വസ്തുത കാര്യകാരണ സഹിതം സമര്‍ഥിക്കുന്നുണ്ട്. കലാപങ്ങള്‍, സ്വത്വപ്രതിസന്ധി, അരക്ഷിതാവസ്ഥ, പൊതുമേഖലകളിലെ വിവേചനം, അതിലുപരി രക്തരൂഷിത വിഭജനത്തിന്റെ തിക്തഫലമായി ഇതര മതവിഭാഗങ്ങള്‍ സംശയദൃഷ്ടിയോടെ രാജ്യദ്രോഹി എന്ന നിലയില്‍ വീക്ഷിക്കപ്പെടുന്ന അതിദയനീയാവസ്ഥ എന്നിവയാല്‍ മാറ്റിനിറുത്തപ്പെട്ട അവസ്ഥയില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ മുസ്ലിംകളുടെ ദൈന്യതയും ഈ റിപ്പോര്‍ട്ട് അനാവരണം ചെയ്യുന്നുണ്ട്.
31 ശതമാനം മുസ്ലിംകളും ദാരിദ്യ്രരേഖക്ക് താഴെയെന്ന നിലയില്‍ ദാരിദ്യ്രത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ് മുസ്ലിം വിഭാഗത്തിന്റെ സാക്ഷരതാ നിരക്ക് എന്നുമാത്രമല്ല, നിരക്ഷരതാ നിര്‍മ്മാര്‍ജനവും വളരെ കുറവാണ്. 2001-ലെ കണക്ക് പ്രകാരം മുസ്ലിം ജനസംഖ്യയില്‍ 6 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 25 ശതമാനവും ഒന്നുകില്‍ ഇടക്കുവെച്ച് പഠനം നിര്‍ത്തുന്നു, അല്ലെങ്കില്‍ വിദ്യാലയത്തില്‍ ചേരുന്നു പോലുമില്ല.66 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ജമ്മു കശ്മീരിലടക്കം ഒരൊറ്റ സംസ്ഥാനത്തും മുസ്ലിം ജീവനക്കാരുടെ എണ്ണം ജനസംഖ്യാ നിരക്കിനാനുപാതികമായി വരുന്നില്ല. മൊത്തം ജനസംഖ്യയില്‍ 25 ശതമാനത്തിലധികം വരുന്ന മുസ്ലിം വിഭാഗത്തിന്റെ സ്ഥിരമായ പിന്തുണയോടെ ഇടതുപക്ഷം ഭരണം കൈയാളിയിരുന്ന പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജോലിയുള്ള മുസ്ലിംകള്‍ 4 ശതമാനത്തില്‍ താഴെ മാത്രമാണ്. സര്‍ക്കാര്‍ ജോലികളില്‍ മാത്രമല്ല, മറ്റു സ്വകാര്യ മേഖലകളിലെ ഭേദപ്പെട്ട തൊഴിലുകളിലും മുസ്ലിം പ്രാതിനിധ്യം മറ്റു പിന്നാക്ക വിഭാഗവുമായി തുലനം ചെയ്യുമ്പോള്‍ വളരെ കുറവാണ്. പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷാ വകുപ്പുകളില്‍ മൊത്തമായി എടുത്താല്‍ പോലും 4 ശതമാനം എന്ന നിരക്കിലാണുള്ളത്. സിവില്‍ സര്‍വീസ്, സ്‌റേറ്റ് പബ്‌ളിക് സര്‍വീസ് കമീഷന്‍, റെയില്‍വേ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലും ഇന്ത്യന്‍ മുസ്ലിംകളുടെ പ്രാതിനിധ്യം വളരെ നിരാശാജനകമാണ്. നാനാത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവേചനം അവസാനിപ്പിച്ച് അവകാശം നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നീതിയും സമത്വവും അവസര സമത്വവും ഉറപ്പുവരുത്താന്‍ ധാരാളം നിര്‍ദേശങ്ങള്‍ സച്ചാര്‍ കമീഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്. താഴെ പറയുന്ന വാചകത്തോടെയാണ് സച്ചാര്‍ തന്റെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ഏറ്റവും പരമപ്രധാനമായ പ്രശ്‌നം സാമൂഹികവും മതപരവുമായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അസമത്വവും വിവേചനവുമാകുന്നു. ഈ പ്രശ്‌നങ്ങളെ ഏതെങ്കിലും വിധത്തില്‍ നിര്‍മാണാത്മകമായി കൈകാര്യം ചെയ്യാനും വളരെ പ്രയോജനപ്രദവും യാഥാര്‍ഥ്യബോധത്തോടു കൂടിയുള്ളതുമായ ചര്‍ച്ച നടത്താനും സാധിച്ചാല്‍ അതായിരിക്കും ഈ കമ്മിറ്റിയുടെ അധ്വാനത്തിന് ലഭിക്കുന്ന ഏറ്റവും മൂല്യവത്തായ പ്രതിഫലം.''
സച്ചാര്‍ കമീഷനെ തുടര്‍ന്നു 2007-ല്‍ പ്രസിദ്ധീകരിച്ച ജസ്‌റിസ് രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടും മൊത്തം ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥിതിഗതികള്‍ പഠനവിധേയമാക്കുകയും സാമൂഹിക സാമ്പത്തിക മേഖലകളില്‍ മുസ്ലിം വിഭാഗത്തിന്റെ ഈ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുകയും, ഇതുമായി ബന്ധപ്പെട്ട് സച്ചാര്‍ കമീഷന്റെ കണ്ടെത്തലുകളെയും നിര്‍ദേശങ്ങളെയും ശരിവെക്കുകയും ചെയ്യുന്നു.ഈ പശ്ചാത്തലത്തില്‍ വളരെ ശക്തമായ നയരൂപീകരണത്തിലൂടെയും നിയമ നിര്‍മ്മാണത്തിലൂടെയും ഈ വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി തീരുന്നു.
ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലക്ക് സ്വന്തം ആവശ്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുവാനും ഭരണഘടനാപരമായ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും ഇന്ത്യന്‍ മുസ്ലിംകള്‍ ജനാധിപത്യ സംവിധാനം എങ്ങനെ എത്രത്തോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതും പ്രാധാന്യപൂര്‍വം വിശകലനം ചെയ്യപ്പെടേണ്ടതാണ്. രാഷ്ട്രീയബോധത്തിന്റെ പക്വതയാര്‍ന്ന ചില പ്രകടനങ്ങള്‍ കണ്ട 2009-ലെ ദേശീയ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്നുനടന്ന ചില സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ചിന്തകള്‍ വളരെ പ്രസക്തമായിത്തീരുന്നു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രതികരണം എന്ന നിലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ അഭിമാനാര്‍ഹമായ പരിപാടികളുടെ വിലയിരുത്തല്‍ എന്ന നിലയില്‍ 'വാഗ്ദത്തങ്ങള്‍ പാലിക്കുന്നതിന്' എന്ന തലക്കെട്ടില്‍ 2011-ല്‍ സമത്വ പഠനകേന്ദ്രം നടത്തിയ പഠനത്തില്‍ ഈ സ്വത്വാധിഷ്ഠിത വിവേചനത്തെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പശ്ചിമ ബംഗാളിലെ സൌത്ത് 24 പര്‍ഗാന, ബീഹാറിലെ ധര്‍ബാഗ, ഹരിയാനയിലെ മേവത്ത് എന്നിങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത മൂന്ന് ജില്ലകളില്‍ നടത്തിയ പഠനത്തില്‍, ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളും പ്രദേശങ്ങളും നഗരങ്ങളിലെ ചേരിപ്രദേശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതുകാരണം മുസ്ലിം സമുദായത്തില്‍ പദ്ധതികളുടെ ആനുകൂല്യം അര്‍ഹിക്കുംവിധം ലഭിച്ചിട്ടില്ല എന്നുപറയുന്നു.
മുസ്ലിം ജനസംഖ്യ 25 ശതമാനമുള്ള ഉത്തര്‍പ്രദേശിലെ ബാഗ്പത്, 41 ശതമാനമുള്ള ബീഹാറിലെ അറാറിയ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് ദേശീയ ന്യൂനപക്ഷ കമീഷന്‍ നടത്തിയ പഠനം ഈ പഠന റിപ്പോര്‍ട്ടിനെ ശരിവെക്കുന്നു. ആവശ്യത്തിനു മാത്രം ഫണ്ടുള്ള ഈ പരിപാടിയുടെ ഭാഗമായി മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ പണം ചെലവഴിച്ചുവെങ്കിലും ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയോ, ഭൂരിപക്ഷം മുസ്ലിംകള്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാകുകയോ ചെയ്തിട്ടില്ല എന്നും പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു. (അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."