ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കുമുന്നില്‍ കനത്ത വെല്ലുവിളി
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് ഇതുവരെയുണ്ടായ അനുകൂല രാഷ്ട്രീയ സാഹചര്യമല്ല 2019ലെ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് വിലയിരുത്തല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും ഏഴില്‍ ആറ് സംസ്ഥാനങ്ങളിലും അധികാരത്തിലേറാന്‍ കഴിഞ്ഞതിനും പിന്നാലെ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളിലേക്കുകൂടി സ്വാധീനത വ്യാപിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും അനുകൂലമായ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും സാമ്പത്തിക രംഗത്ത് നടപ്പാക്കുന്ന തെറ്റായ നീക്കങ്ങളുമാണ് കേന്ദ്രത്തിനെതിരായ ജനവികാരത്തിന് കാരണമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
രാജ്യവ്യാപകമായി ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്നാണ് മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കണക്കുകൂട്ടുന്നതെങ്കിലും യു.പി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം അവരുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. 2014ല്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.
ഈ സാഹചര്യം 2019ലെ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ ഉണ്ടാകുമോയെന്ന ആശങ്കയാണ് ബി.ജെ.പി അഭിമുഖീകരിക്കുന്നത്. ഹരിയാനയില്‍ ഭരണം ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുവരാന്‍ കഴിയാത്തതും രാജസ്ഥാനില്‍ ഭരണ വിരുദ്ധ തരംഗം ശക്തമായതും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനാകുമോയെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ഒഡിഷയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി ബി.ജെ.പി വന്നത് അവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഫെബ്രുവരിയില്‍ ബംഗാളില്‍ നടന്ന ലോക്‌സഭാ, നിയമ സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."