റിനോ ആന്റോ ബ്ലാസ്റ്റേഴ്സ് വിട്ട് ബംഗളൂരുവിലേക്ക്
കൊച്ചി: സി.കെ വിനീതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരമായ റിനോ ആന്റോയും ടീം വിടുന്നു. തന്റെ മുന്‍ ടീമും നിലവിലെ ഐ.എസ്.എല്‍ റണ്ണേഴ്സ് അപ്പുമായ ബംഗളൂരു എഫ്.സി താരത്തെ ടീമില്‍ തിരിച്ചെത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തൃശൂര്‍ സ്വദേശിയായ താരവുമായി ബംഗളൂരു കരാറിലെത്തിയതായും വാര്‍ത്തകളുണ്ട്. സൂപ്പര്‍ കപ്പിന് ശേഷമായിരിക്കും റിനോ ബംഗളൂരു ടീമിനൊപ്പം ചേരുക.
ഐ.എസ്.എല്‍ നാലാം സീസണിന് മുന്നോടിയായി ഡ്രാഫ്റ്റിലൂടെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച താരമാണ് റിനോ. എന്നാല്‍ പരുക്ക് കാരണം സീസണില്‍ മിക്ക മത്സരത്തിലും ടീമിനായി കളിക്കാന്‍ റിനോയ്ക്ക് സാധിച്ചതുമില്ല.
പത്ത് മത്സരങ്ങളില്‍ മാത്രമാണ് താരം ബൂട്ട് കെട്ടിയത്. നേരത്തെ 57 മത്സരങ്ങളില്‍ റിനോ ആന്റോ ബംഗളൂരുവിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
സൂപ്പര്‍ കപ്പിന് ശേഷം സി.കെ വിനീതും ബ്ലാസ്റ്റേഴ്സ് വിടും. ജംഷഡ്പൂര്‍ എഫ്.സി, എ.ടി.കെ ടീമുകള്‍ വിനീതിനായി രംഗത്തുണ്ട്. നേരത്തെ ജാക്കിചന്ദ് സിങ്, മിലന് സിങ് എന്നിവര്‍ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.
ഹാലിചരണ്‍ നര്സരി, ലെന് ദൗങ്കല്‍, മലയാളി താരം സക്കീര്‍ മുണ്ടംപാറ, സെയ്ത്യസെന്‍ സിങ് എന്നിവരെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുകയും ചെയ്തു. കൂടുതല്‍ യുവ താരങ്ങളെ ടീമിലെടുക്കുകയാണ് മാനേജ്മെന്റിന്റെ ലക്ഷ്യം.
ഈ സീസണില്‍ മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ട ലാല്റുവതാരയുമായുള്ള കരാര്‍ 2021 വരെ പുതുക്കിയ ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങളില്‍ കറേജ് പെകുസന്, ബ്ലാഡ്വിന്സണ്, കിസിറ്റോ എന്നിവരെ നിലനിര്‍ത്താന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പുതിയതായി ടീമിലെത്തിച്ച താരങ്ങളുടെ മികവ് സംബന്ധിച്ച് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."