കൊല്ലം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല: പ്രഖ്യാപനം ഇന്ന്
കൊല്ലം: രാജ്യത്തിനാകെ പുതിയൊരു മാതൃക തീര്‍ക്കുകയാണ് കൊല്ലം ജില്ല. ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയെന്ന നേട്ടമാണ് ഈ കൊല്ലം മാതൃക.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോല്‍പന്ന ഉല്‍പാദന വില്‍പ്പന വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്.
ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ നിര്‍വഹിക്കും. ജൂണ്‍ മാസത്തോടെ എല്ലാ ജില്ലകളിലും നടപ്പിലാക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതുവരെ 29,000 സംരംഭകര്‍ക്കാണ് രജിസ്‌ട്രേഷനും ലൈസന്‍സും വിതരണം ചെയ്തത്.
ബേക്കറികള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അന്നദാനകേന്ദ്രങ്ങള്‍, പൊതുവിതരണ ശൃംഖല, ഹോസ്റ്റലുകള്‍, ബീവ്‌റിജസ് കോര്‍പറേഷന്റെ സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യോല്‍പാദന പരിധിയില്‍ വരുന്ന സ്ഥാപനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ സമ്പൂര്‍ണത കൈവരിച്ചത്.
മത്സ്യമേഖലയില്‍ ഐസ് പ്ലാന്റുകളും കശുവണ്ടി മേഖലയിലെ ഫാക്ടറികളുമെല്ലാം ലൈസന്‍സിങിന് വിധേയമാക്കി. രണ്ട് മാസക്കാലയളവില്‍ 29 രജിസ്‌ട്രേഷന്‍ ലൈസന്‍സിങ് മേളകളാണ് നടത്തിയത്.
സോപാനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണിക്ക് എം. നൗഷാദ് എം. എല്‍. എ യുടെ അധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങ്.
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ എന്നിവരാണ് മുഖ്യാതിഥികള്‍.
ഭക്ഷ്യസുരക്ഷ കമ്മിഷണര്‍, ജോയിന്റ് കമ്മിഷണര്‍ കെ. നില്‍കുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അജിത്ത് കുമാര്‍, ഭക്ഷ്യോല്‍പാദക മേഖലയിലെ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."