അസമില്‍ കലാവസന്തം തീര്‍ത്ത് തലാശ്'18ന് പരിസമാപ്തി
ഗുവാഹതി: ഹാദിയ നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ അസമില്‍ നടന്നുകൊണ്ടിരിക്കുന്ന മോറല്‍ സ്കൂളുകള്‍ തമ്മില്‍ നടന്ന തലാശ് ഇന്റര്‍ മകാതിബ് ആര്‍ട്ട് ഫെസ്റ്റ് സമാപിച്ചു. അസമിലെ പ്രാഥമിക മത വിദ്യാഭ്യാസ മേഖലയില്‍ വേറിട്ട ചരിത്രം സൃഷ്ടിച്ച് ദാറുല്‍ ഹുദാ അസം കാംപസില്‍ വച്ച് നടന്ന തലാശ് ഗ്രാന്‍ഡ് ഫിനാലെയില്‍ നാലു മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 120 പ്രതിഭകള്‍ മാറ്റുരച്ചു. ഖിറാഅത്ത്, മാസ്റ്റര്‍ ബ്രൈന്‍, പ്രസംഗം, ചിത്രരചന തുടങ്ങി പത്തോളം ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. അസമില്‍ ഹാദിയ നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 78 മോറല്‍ സ്കൂളുകളെ നാലു സോണലുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഗ്രാന്‍ഡ് ഫിനാലെയില്‍ ബുരിനഗര്‍ സോണ്‍ ജേതാക്കളായി.
നേരത്തെ നടന്ന തലാശ് സോണല്‍ മത്സരങ്ങള്‍ ബാര്‍പേട്ട ജില്ലയിലെ ബുഗ്ഡിയ, ദുബ്രി ജില്ലയിലെ ഗുണപറ, നെല്ബരി ജില്ലയിലെ ബൊന്മജ, ശൂറാദി എന്നീ സ്ഥലങ്ങളിലായിരുന്നു നടത്തപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും വ്യത്യസ്തമായി നടന്ന സോണല്‍ മത്സരത്തില്‍ 1500ലധികം വിദ്യാര്‍ഥികളായിരുന്നു മാറ്റുരച്ചത്.
തലാശ് ഗ്രാന്‍ഡ് ഫിനാലെ സമാപന ചടങ്ങില്‍ സയ്യിദ് മുഈനുദ്ദീന് ഹുദവി, മന്‍സൂര്‍ ഹുദവി, സുഹൈല്‍ ഹുദവി, ശാക്കിര്‍ ഹുദവി, ശിഹാബ് ഹുദവി, ഫിറോസ് ഹുദവി, മശ്ഹൂദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."