'തന്റെ കവിതകള്‍ പഠിപ്പിക്കരുതേ'... അപേക്ഷയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്
കൊച്ചി: സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുതെന്ന അപേക്ഷയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. എല്ലാ പാഠ്യപദ്ധതികളില്‍ നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നും കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി ഈ ആവശ്യം ഉന്നയിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു അപേക്ഷ കേരള ജനതയ്ക്കും അധികാരികള്‍ക്കും സമര്‍പ്പിക്കുന്നതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരവും ഭാഷയും അറിയാത്ത തലമുറയാണ് വളര്‍ന്നുവരുന്നത്. കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരാകുന്നവര്‍ക്ക് മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ യോഗ്യതയുണ്ടാവില്ല. ഇതു വിദ്യാര്‍ഥികളെയും ബാധിക്കുന്നു. അത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ തന്റെ കവിത പഠിക്കുമ്പോള്‍ കല്യാണം കഴിച്ച് കൊണ്ടുപോയ മകളെ വേശ്യാതെരുവില്‍ വില്‍ക്കുമ്പോഴുണ്ടാകുന്ന അച്ഛന്റെ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാളുകളായി ഇതു തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ട്.
വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ എഴുതുന്ന കൈയെഴുത്ത് പ്രതികളില്‍ പോലും അക്ഷരവും വ്യാകരണവും തെറ്റാറുണ്ട്. ഗവേഷണം നടത്തുന്ന ഒരധ്യാപിക അയച്ചുതന്ന ചോദ്യാവലിയില്‍ അക്ഷരത്തെറ്റും അര്‍ഥശൂന്യമായ ചോദ്യങ്ങളുമായിരുന്നു.
ഒരു കോളജ് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്‌കൃതം എം.എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥി തന്നോട് ഒരു കവിത ചൊല്ലാന്‍ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ആ കുറിപ്പില്‍ പോലും അക്ഷരത്തെറ്റായിരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭരണാധികാരികളും ചേര്‍ന്ന മാഫിയയാണ് മാനദണ്ഡങ്ങളില്ലാതെ കുട്ടികളെ വിജയിപ്പിക്കുന്നത്. കൂടുതല്‍ കുട്ടികളെ വിജയിപ്പിക്കുകയും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ മക്കള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. പാവപ്പെട്ടവരാണ് ഇത്തരം സ്‌കൂളുകളില്‍ നിലവാരമില്ലാത്ത അധ്യാപനത്തിനു വിധേയമാകുന്നത്.
ഭാഷ പഠിക്കുന്നതോടെയാണ് ഒരു കുട്ടിക്ക് ചിന്തിക്കാന്‍ കഴിവു ലഭിക്കുന്നത്. ഭാഷയില്‍ ഒരു യുക്തിയുണ്ട്. ഭാഷ കലങ്ങിപ്പോയാല്‍ ചിന്താശക്തി നശിക്കും. ചിന്താശക്തിയില്ലാത്ത തലമുറ പ്രത്യേകിച്ച് ദരിദ്രരുടെ തലമുറയുണ്ടാകേണ്ടത് കോര്‍പറേറ്റ് ആവശ്യമാണ്. അധ്യാപകര്‍ ഈ കോര്‍പറേറ്റ് അജന്‍ഡയ്ക്ക് സേവ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലയാള ഭാഷ എഴുതാന്‍ അറിയാത്തവര്‍ തന്റെ കവിത വായിക്കേണ്ട. കുട്ടികള്‍ ആദ്യം അക്ഷരം പഠിക്കട്ടെ, തെറ്റുകൂടാതെ എഴുതാന്‍ പഠിക്കട്ടെ. അന്‍പതു വര്‍ഷമായി താന്‍ കവിത എഴുതാന്‍ തുടങ്ങിയിട്ട് . ഇതുവരെ എഴുത്തിന്റെ പേരില്‍ ഒരു അവാര്‍ഡ് പോലും സ്വീകരിച്ചിട്ടില്ല. ഒരു ഔദാര്യവും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അപേക്ഷയ്ക്കുപരി യാചിക്കുകയാണ് തന്റെ കവിതയ്ക്കുവേണ്ടി. അക്കാദമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതയെ ദുര്‍വിനിയോഗം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."