ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയില്‍
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ കൊച്ചിയില്‍ ഏറ്റുമുട്ടും. കേരള ക്രിക്കറ്റ് ആസോസിയേഷനും സ്റ്റേഡിയം ചുമതലയുള്ള ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നവംബര്‍ ഒന്നിന് ഏകദിന പോരാട്ടം കൊച്ചിയില്‍ നടത്താന്‍ ധാരണയായത്. മത്സരം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ജി.സി.ഡി.എ ഉറപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ മത്സരം തിരുവനന്തപുരത്ത് കാര്യവട്ടത്തുള്ള സ്പോര്‍ട്സ് ഹബ്ബില്‍ നടത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് ട്വിറ്ററിലൂടെ അറിയിച്ചെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു.
ജി.സി.ഡി.എയുമായി 40 വര്‍ഷത്തെ കരാര്‍ ഉള്ളതിനാല്‍ മത്സരം കൊച്ചി സ്റ്റേഡിയത്തില്‍ നടത്താന്‍ കെ.സി.എ തീരുമാനിക്കുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറമെ കൊച്ചിയേയും വേദിയായി സജീവമാക്കി നിലനിര്‍ത്തുന്നതിന് കൂടിയാണിതെന്നും കെ.സി.എ വ്യക്തമാക്കി. ഒക്ടോബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിന്‍ഡീസ് ടീം മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി-20യുമാണ് കളിക്കുക. കഴിഞ്ഞ ദിവസം കൂടിയ ബി.സി.സി.ഐ ഫിക്സ്ചര്‍ കമ്മിറ്റി അഞ്ചാം ഏകദിനം തിരുവനന്തപുരത്തിന് അനുവദിക്കുകയായിരുന്നു. പിന്നാലെ കെ.സി.എ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മത്സരം കൊച്ചിയിലേക്ക് മാറ്റിക്കൊണ്ട് മറ്റൊരു സന്ദേശം കൂടി വന്നു. കെ.സി.എക്കുള്ളിലെ പ്രാദേശിക താല്പര്യങ്ങളാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
തിരുവനന്തപുരവും കൊച്ചിയും കെ.സി.എക്ക് ഒരുപോലെയാണെന്നും രണ്ട് വേദികള്‍ക്കും തുല്യ പരിഗണന നല്‍കുന്നതിനാണ് കൊച്ചിയെ പരിഗണിച്ചതെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. നാളെ ഐ.എസ്.എല്‍ സംഘാടകരുമായി ജി.സി.ഡി.എ ഇക്കാര്യം ചര്‍ച്ച ചെയ്യും. 24ന് കെ.സി.എ യോഗം ചേര്‍ന്ന് വേദി ഏതെന്ന് അറിയിക്കും. 2014ലാണ് അവസാനമായി കൊച്ചി ഏകദിന മത്സരത്തിന് വേദിയായത്. അന്നും ഇന്ത്യ-വിന്‍ഡീസ് ടീമുകളാണ് ഇവിടെ ഏറ്റുമുട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."