സന്തോഷത്തിലേക്കുള്ള പാസ്‌പോര്‍ട്ട്
സമ്പത്തുണ്ടായിട്ടും ജീവിതം സന്തോഷകരമല്ല എന്നു ചിന്തിക്കുന്നവര്‍ ഒരുപാടുണ്ട്. അവര്‍ ഒരു കാര്യം ഓര്‍ക്കണം. സമ്പത്തല്ല ജീവിതം; എന്നാലോ ജീവിതമാണ് സമ്പത്ത്. ജീവിതം സമ്പത്തായി മാറണമെങ്കില്‍ ഓരോ ദിവസവും കുറേ ചിരിക്കണം. വെറും ചിരിയല്ല; നിറ കണ്‍ചിരി. അതു മിത്രങ്ങള്‍ക്കു നല്‍കുന്ന പതിവു ചിരിയുമല്ല. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ദരിദ്രര്‍ക്കും ഒക്കെ നല്‍കേണ്ട കരുണയുടെ ചിരിയാണത്. ആ നിറ കണ്‍ചിരി എത്ര നല്‍കാന്‍ കഴിയുമോ അത്രയും നല്‍കുക. അതിനനുസരിച്ചാകും സംതൃപ്തിയും സമാധാനവും നമ്മെ തേടി എത്തുക.
പുഞ്ചിരിയാണ് മറ്റൊരാളുടെ മനസിലേക്കു കടന്നുചെല്ലാനുള്ള പാസ്‌പോര്‍ട്ട്. പുഞ്ചിരി മഹത്തായ ദാനമാണെന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ടല്ലോ.
പട്ടുകിടക്കയില്‍ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ലെങ്കില്‍ ഇടയ്‌ക്കൊന്നു തെരുവിലിറങ്ങണം. കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവരെ ഒന്നു കരുണയോടെ നോക്കണം. പറ്റുമെങ്കില്‍ ആ സാധുജനങ്ങളില്‍ ഒരാളെയെങ്കിലും വിളിച്ചുണര്‍ത്തി ഒരു കുടില്‍കെട്ടി സമ്മാനിക്കണം. ആ സാധു ഉറങ്ങും മുന്‍പേ മണിമാളികയിലെ പട്ടുകിടക്കയില്‍ നിങ്ങള്‍ക്കു സുഖനിദ്ര ലഭിക്കും.
ഭക്ഷണത്തിനു രുചി പോരെന്ന് പരിഭവപ്പെടുന്നവരും മറ്റൊന്നല്ല ചെയ്യേണ്ടത്. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവനെ തേടിപ്പിടിച്ചു അവനൊപ്പം ഒരു നേരമെങ്കിലും ഭുജിക്കുക. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിഭേദം ഒന്നുവേറെ തന്നെയാകും. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു പരീക്ഷിച്ചു നോക്കൂ.
കാര്യം ഇത്രയേയുള്ളൂ. നമ്മുടെ ആവശ്യം (സമ്പത്ത്) അപരന്റെ അത്യാവശ്യത്തിനുവേണ്ടി വിട്ടു കൊടുക്കുക. അവിടെയാണ് ജീവിതസുഖവും ആഹ്ലാദവും അലതല്ലുന്നത്. അതിനു നമ്മള്‍ തയാറല്ലെങ്കില്‍ ആഹ്ലാദത്തുമ്പികള്‍ അധികമൊന്നും നമ്മെ തേടിഎത്തുകയില്ല. എത്തിയവ അധികം വൈകാതെ പോയി മറയുകയും ചെയ്യും.
അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം എന്ന ഗുരുവചനവും ഇതോടു ചേര്‍ത്തു വായിക്കുന്നത് നന്ന്.
സന്തോഷം അധ്വാനത്തിലൂടെ
അധ്വാനത്തിന്റെ പ്രതിഫലമാണ് സന്തോഷം. അധ്വാനിക്കാതെ ലഭിക്കുന്ന സന്തോഷം അല്‍പ്പായുസ്സുള്ളതും ആത്മസംതൃപ്തി ഇല്ലാത്തതുമാകും. പരീക്ഷക്ക് നന്നായി പഠിക്കുകയും നന്നായി പ്രാര്‍ഥിക്കുകയും ചെയ്തു നോക്കൂ. സന്തോഷിക്കാനുള്ള വക തീര്‍ച്ചയായും ഉണ്ടാകും.
മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സന്തോഷം കണ്ടെത്താനുള്ള വഴികളാണ്. സമ്മാനം കിട്ടുന്നതു പോലെ സമ്മാനം നല്‍കുന്നതിലുമുണ്ട് സന്തോഷം. നമ്മള്‍ കൊടുക്കുന്നത് ഇരട്ടി മൂല്യത്തില്‍ നമുക്കു തന്നെ ലഭിക്കുമെന്ന കാര്യവും മറക്കരുത്.
നിരാശയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്കുള്ള ഒരു നല്ല ചികിത്സയാണ് യാത്രയും പുസ്തകവായനയും. പുതുലോകം തേടിയുള്ള യാത്ര നമ്മുടെ ചിന്താഭാരത്തെ അപ്പാടെ ഇറക്കിവയ്ക്കും. കുടംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ആകണം അത്തരം യാത്രകള്‍.
ഒറ്റയ്ക്കുള്ള യാത്ര കഴിയുന്നതും ഒഴിവാക്കുക തന്നെ വേണം. ഒറ്റയ്ക്കിരിക്കുമ്പോഴും യാത്രാവേളകളിലും ഒപ്പം കൂട്ടാവുന്ന നല്ല സുഹൃത്തുക്കളാണ് പുസ്തകങ്ങള്‍. എത്ര കഠിനമായ ദു:ഖത്തെയും അലിയിച്ചു കളയാന്‍ ഒരു നല്ല പുസ്തകത്തിനു കഴിയും. വായിക്കുമ്പോള്‍ ജീവിതത്തിലേക്കുള്ള പുതിയ പാഠങ്ങളെയാണ് നാം സ്വായത്തമാക്കുന്നത്. എന്നാല്‍ വായിക്കുന്ന സ്വഭാവമില്ലാത്ത കുട്ടികളാണ് ഒരു രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്‌നം. അത്തരം ദുരവസ്ഥ നമ്മളായിട്ട് സംഭാവന ചെയ്യരുത്.
വായന കുഞ്ഞുമനസ്സിനെ പ്രചോദിപ്പിക്കും. യുവത്വത്തില്‍ പോഷണമാകും. വാര്‍ധക്യത്തില്‍ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും. ഇതൊക്കെ വായനയെക്കുറിച്ച് ചില മഹാന്‍മാരുടെ വാക്യങ്ങളാണ്.
ചരിത്രം രചിക്കണമെന്നുണ്ടേണ്ടാ? വായിച്ചുകൊണ്ടേണ്ടയിരിക്കൂ. പുസ്തകങ്ങള്‍ ആ ധര്‍മം നിര്‍വഹിച്ചുകൊള്ളും. ഇതുമറ്റൊരു മൊഴി. വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത
വീടുപോലെയാണ് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ജാലകങ്ങള്‍ തുറന്നുവെച്ചൊരു വീടാണ് നമുക്കു വേണ്ടത്. കാറ്റും വെളിച്ചവും ആശയങ്ങളും ഭാവനയും എല്ലാം അതിലൂടെ കടന്നു വരണം.
അപ്പോഴേ ലാഭം മാത്രം നല്‍കുന്ന നിക്ഷേപമായി വായനയെ മാറ്റാന്‍ കഴിയൂ. ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ദഹനക്കേടുണ്ടണ്ടാകുമല്ലോ. മടുപ്പും അനുഭവപ്പെടും. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള വായനയും അതുപോലെ അര്‍ഥശൂന്യമാണ്. അതുകൊണ്ട് മനസിലാക്കി മാത്രം വായിക്കുക. പുസ്തകങ്ങള്‍ കത്തിച്ചുകളയുന്നതിനേക്കാള്‍ കൊടിയ കുറ്റങ്ങളുണ്ടണ്ട്. അതിലൊന്നാണ് അവ വായിക്കാതിരിക്കുക എന്നത്. ആ മഹാപാപവും നമ്മള്‍ ചെയ്യരുത്. അതുകൊണ്ട് പുസ്തകവായന ഇപ്പോഴേ ഒരു ശീലമാക്കുക. അറിവും ആനന്ദവും മികവും തികവും പിന്നാലെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."