വിദ്യാഭ്യാസ വായ്പ: റവന്യു ജീവനക്കാര്‍ വീടുകയറി ഭീഷണിപ്പെടുത്തുന്നു
പാലാ: വിദ്യാഭ്യാസ വായ്പയെടുത്ത ആളുകളുടെ വീടുകളില്‍ റവന്യു ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരുമടങ്ങുന്ന സംഘമെത്തി ഭീഷണിപ്പെടുത്തുന്ന നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശ്ശിക വന്നവര്‍ക്ക് ഗവണ്‍മെന്റ് 900 കോടി രൂപാ വായ്പാ സഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് റവന്യു ഉദ്യോഗസ്ഥയുടെയും ബാങ്ക് ജീവനക്കാരുടെയും നടപടി. വിദ്യാഭ്യാസ വായ്പാ പദ്ധതിയില്‍ ആനുകൂല്യം നേടിയവരില്‍ നിന്നും ഗവണ്‍മെന്റ് അപേക്ഷ ക്ഷണിക്കുകയും ജനുവരി ഒന്നിനകം നിരവധി ആളുകള്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഭവനങ്ങളിലാണ് ജീവനക്കാര്‍ ആദ്യമെത്തി ഭീഷണി മുഴക്കുന്നത്. വായ്പയെടുത്ത തുക മാര്‍ച്ച് 31-നകം അടയ്ക്കണമെന്നും അടയ്ക്കാത്ത സാഹചര്യത്തില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഭീഷണി.
എന്നാല്‍ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പായി വായ്പയെടുത്തവര്‍ക്ക് യാതൊരുവിധ അറിയിപ്പും നല്‍കിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും മൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇവരുടെ ഭീഷണിയ്ക്ക് വഴങ്ങി പണം തിരിച്ചടച്ചാല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച ധനസഹായ പദ്ധതിയില്‍ നിന്നും ഇത്തരം ആളുകള്‍ പുറത്തുപോകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോബി ഊട്ടുപുരയ്ക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരം ഭീഷണിയുമായി എത്തുന്ന ഉദ്യോഗസ്ഥരെ വഴിയില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ആര്‍.വി. തോമസ്, ജോസ് ആനത്താരക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."