വിദേശ ഫണ്ട്: ആരോപണം നേരിടുന്നവയില്‍ സോണിയ ഗാന്ധി, ബാബാ രാംദേവ്, മേരികോം എന്നിവരുടെ സ്ഥാപനങ്ങളും
ന്യൂഡല്‍ഹി: കേരളത്തിലെ ഏഷ്യാനെറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, സോണിയ ഗാന്ധി മേധാവിയായ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഒളിംപിക്‌സ് ജേതാവ് മേരികോമിന്റെ കീഴിലുള്ള ട്രസ്റ്റ് തുടങ്ങി 42 സര്‍ക്കാരിതര സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വിദേശ സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടം (എഫ്.സി.ആര്‍.എ) ലംഘിച്ചതിന് അന്വേഷണം നേരിടുന്നതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
അന്വേഷണം നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നോട്ടീസയച്ചിട്ടുണ്ട്. 32 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് ഇവര്‍ക്ക് അയച്ചുകൊടുത്തത്.
എഫ്.സി.ആര്‍.എ നിയമം ലംഘിച്ചിട്ടുണ്ടോയെന്നു വിശദീകരിക്കണമെന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളടങ്ങിയതാണ് ചോദ്യാവലി.
ഉത്തരങ്ങള്‍ അധികൃതര്‍ക്ക് തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു.
നിലവില്‍ രാജ്യസഭാംഗമായ മേരികോമിന്റെ കീഴിലുള്ള മേരികോം റീജ്യനല്‍ ബോക്‌സിങ് ഫൗണ്ടേഷന്‍ ഇംഫാലില്‍ വച്ച് അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തത്.
ഇത് കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണ് ഫൗണ്ടേഷന്‍ വിദേശസഹായം സ്വീകരിക്കുന്നതു സംബന്ധിച്ച ചട്ടം ലഘിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം നേരിടുന്നത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ച് ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്.
ആധാര്‍ വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട ബംഗളൂരുവിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി, ഐ.ടി വ്യവസായികളുടെ കൂട്ടായ്മയായ നാസ്‌കോം, ആംനസ്റ്റി ഇന്റര്‍നാഷനല്‍ (ഇന്ത്യ) ഫൗണ്ടേഷന്‍, ബാബാ രാംദേവിന്റെ ഉത്തരാഖണ്ഡിലെ ഭാരത് സ്വാഭിമാന്‍ ന്യാസ്, ശക്തി സസ്‌റ്റൈനബിള്‍ എനര്‍ജി ഫൗണ്ടേഷന്‍, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍, ക്രൈസ്തവ മിഷനറി സ്ഥാപനങ്ങളായ അരുണാചല്‍പ്രദേശ് ആസ്ഥാനമായ കാത്തലിക് ചര്‍ച്ച് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ന്യൂ എറ സൊസൈറ്റി തുടങ്ങിയവയ്ക്കും നോട്ടീസ് അയച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു.
മൊത്തം 21 സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയക്കുകയും മറ്റ് 21 സ്ഥാപനങ്ങളില്‍ നിന്നുള്ള മറുപടി ലഭിച്ച ശേഷം ഓഡിറ്റ് നടപടി പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."