ചെറുവള്ളി എസ്റ്റേറ്റ്: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആക്ഷേപം
കോട്ടയം: ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി ഭൂസമര പ്രവര്‍ത്തകനും കോട്ടയം ഡി.സി.സി ജന.സെക്രട്ടറിയുമായ പ്രാഫ. ടോണി കെ. ബേബി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റ് ഏഴിന് മുഖ്യമന്ത്രി നിയമസഭയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയില്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് ഏഴിന് രാജു എബ്രഹാം എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഹാരിസണ്‍ മലയാളം കമ്പനി വകയാണെന്നാണ്. പൊന്തന്‍പുഴ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കനുകൂലമായി വിധി നേടുന്നതിന് സര്‍ക്കാര്‍ തോറ്റുകൊടുത്തതായി ആരോപണമുയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്മാറ്റം ആസൂത്രിതമാണെന്നു സംശയമുണ്ട്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ കോടതി വിധി വരാനിരിക്കേയാണ് മുഖ്യമന്ത്രിയുടെ നിലപാട്മാറ്റം എന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി ആദ്യവാരം കേസിന്റെ വാദം പൂര്‍ത്തിയായി. കോടതിയിലും കമ്പനിയ്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നു വ്യക്തമാവുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.
പൊന്തന്‍പുഴ വനഭൂമിയോടു ചേര്‍ന്ന സ്വകാര്യ ഗ്രാനൈറ്റ് യൂനിറ്റിന് പ്രവര്‍ത്തനാനുമതി ലഭിച്ചതും സംശയാസ്പദമാണ്. ഈ യൂനിറ്റിന് അനുമതി ലഭിക്കുന്നതിന് ഭരണകക്ഷി എം.എല്‍.എ ശ്രമിച്ചതായും ഇത് അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."