പ്രവര്‍ത്തനാനുമതി ലഭിക്കും മുന്‍പേ കെട്ടിടത്തില്‍ മാലിന്യപ്രളയം
പന്തീരാങ്കാവ്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപം. ദേശീയപാത 66 നോട് ചേര്‍ന്ന് പന്തീരാങ്കാവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് കക്കൂസ് മാലിന്യമുള്‍പ്പടെ തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഒളവണ്ണ പഞ്ചായത്തംഗങ്ങളായ കെ. ഹര്‍ഷ ലത, ഷീന എന്നിവരും നാട്ടുകാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തില്‍ നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസമൊരുക്കിയതായും കെട്ടിടത്തിന്റെ അടിത്തട്ടില്‍ വലിയ തോതില്‍ കക്കൂസ് മാലിന്യമുള്‍പ്പടെ പുറത്തേക്കൊഴുക്കിയതായും കണ്ടെത്തി.
സാമാന്യം വലിപ്പമുള്ള രണ്ട് ടാങ്കുകള്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ നിലയിലുമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി ഒരുക്കിയ വാതിലില്ലാശുചി മുറികളും ആവശ്യത്തിന് വെള്ളമൊഴിക്കാതെ വൃത്തിഹീനമായി കിടക്കുകയാണ്. ക്ലീന്‍ ഒളവണ്ണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പന്തീരാങ്കാവില്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന പന്തീരാങ്കാവ് ബസാറില്‍ മാലിന്യപ്രശ്നങ്ങള്‍ക്ക് അവസാനമാകുന്നില്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."