കുഴല്‍ക്കിണറുകള്‍ക്ക് കണക്കില്ല
മലപ്പുറം: അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകമായി നടക്കുമ്പോഴും ജില്ലയില്‍ എത്ര കുഴല്‍ക്കിണറുകളുണ്ടെന്ന് ഒരു കണക്കും അധികൃതരുടെ കൈയിലില്ല. കടുത്ത വരള്‍ച്ചാ ഭീതിയില്‍ അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണങ്ങള്‍ തടയാന്‍ ഫലപ്രദമായ നടപടികളുമില്ല. അതാത് തദ്ദേശസ്ഥാപനങ്ങളാണ് കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള അനുമതി ലഭ്യമാക്കേണ്ടത്. എന്നാല്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നും ഇതുവരെ എത്ര പേര്‍ അനുമതി വാങ്ങിയിട്ടുണ്ടെന്ന കണക്ക് സര്‍ക്കാര്‍ വകുപ്പുകളിലൊന്നും ലഭ്യമല്ല. പഞ്ചായത്തുകളില്‍ നിന്നും അനുമതി നല്‍കിയ കിണറുകളുടെ എണ്ണം ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ ക്രോഡീകരിച്ചെങ്കിലേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ കണക്ക് ശേഖരിക്കാനുള്ള നിര്‍ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഭൂജല വകുപ്പ് അധികൃതര്‍ പറയുന്നത്.
അതേസമയം അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികളും ജില്ലയില്‍ ധാരാളമുണ്ട്. അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണ സംഘങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുഴല്‍ക്കിണര്‍ നിര്‍മാണ ഏജന്‍സികള്‍ക്ക് രജിസ്‌ട്രേഷന്‍ എര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 43 ഏജന്‍സികള്‍ മാത്രമാണ് രജിസ്ട്രര്‍ ചെയ്തത്. രജിസ്ട്രര്‍ ചെയ്യാത്ത നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നാണ് ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."