കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ നവമാതൃകയുമായി എം.ഇ.എസ് സ്‌കൂള്‍
താമരശേരി: ലോകം ജലദിനം ആഘോഷിക്കുമ്പോള്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി കൈതപ്പൊയില്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടപ്പിലാക്കിയ കിണര്‍ റീചാര്‍ജിങ് പദ്ധതി വേറിട്ട മാതൃകയാവുന്നു. സ്‌കൂളിന് സമീപ പ്രദേശങ്ങളിലെ വയലുകളും തണ്ണീര്‍ തടങ്ങളും വന്‍തോതില്‍ നികത്തിയതോടെ സ്‌കൂള്‍ നില നില്‍ക്കുന്ന പ്രദേശത്ത് കഴിഞ്ഞ വര്‍ഷം വന്‍തോതില്‍ ജലക്ഷാമം നേരിട്ടിരുന്നു.
ഈ സ്‌കൂളിലെ കിണറും ഇക്കാലത്ത് വറ്റി വരണ്ടിരുന്നു. വാഹനത്തില്‍ കുടിവെള്ളമെത്തിച്ചാണ് അന്ന് സ്‌കൂളിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചത്. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജര്‍ കെ.എം.ഡി മുഹമ്മദ് കിണര്‍ റീചാര്‍ജിങ് പദ്ധതിയെ കുറിച്ച് ആലോചിച്ചത്.
ഇതിനായി സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ ലക്ഷം ലിറ്ററോളം വെള്ളം സ്‌കൂള്‍ പരിസരത്ത് മാത്രം പാഴാവുന്നതായി കണ്ടെത്തി. ദിവസവും 34000 ത്തോളം ലിറ്റര്‍ വെള്ളം ഉപയോഗിച്ചുവരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കഴിഞ്ഞാലും കിണറ്റില്‍ വെള്ളം ബാക്കിയാണ്.
സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലൂടെ ഒഴുകുന്ന മഴവെള്ളം പാത്തികള്‍ വഴി ശേഖരിച്ച് വലിയ പൈപ്പ് വഴി കിണറ്റിലേക്ക് ഒഴുക്കിവിടും. കിണറ്റിനു സമീപം ഇതിനായി രണ്ടായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഫില്‍റ്റര്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്‌കൂളിന്റെ കിണറ്റില്‍ മാത്രമല്ല സമീപത്തെ പത്തോളം വീടുകളിലെ കിണറുകളിലും സമൃദ്ധമായി വെള്ളം ലഭിക്കുന്നുണ്ട്. നേരത്തെ സ്‌കൂളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി ധാരാളം പണം ചെലവഴിച്ചിരുന്നു. എന്നാല്‍ ഈ പണത്തിന്റെ മുക്കാല്‍ ഭാഗവും ഇപ്പോള്‍ സ്‌കൂളിലെ തേനീച്ച കൃഷിക്കായാണ് ഉപയോഗിക്കുന്നത്.
സ്‌കൂളിലെ മിക്ക അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വീടുകളിലും മഴക്കൊയ്ത്ത് നടത്തുവാനാണ് ഇതുവഴി കഴിഞ്ഞത്. സ്‌കൂളില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായതോടെ മറ്റ് എം.ഇ.എസ് സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
ഇതുകൂടാതെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും പദ്ധതിയെ കുറിച്ചറിയാനും മനസിലാക്കാനും സ്‌കൂളില്‍ എത്തുന്നുണ്ട്. ചുറ്റുപാടുകളില്‍ പാഴായിപ്പോകുന്ന ജലം സംരക്ഷിച്ച് കെട്ടി നിര്‍ത്തിയാല്‍ തന്നെ ജലക്ഷാമം പരിഹരിക്കപ്പെടാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് എം.ഇ.എസ് സ്‌കൂളില്‍ നടപ്പിലാക്കിയ ഈ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."