തെരുവുനായ ആക്രമിച്ചയാള്‍ നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തില്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരും മാള ഗ്രാമപഞ്ചായത്തും തമ്മില്‍ തര്‍ക്കം തുടരുന്നതിനാല്‍ തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ കല്ലേറ്റുംകര സ്വദേശി പി.എസ്. ബിജു നഷ്ടപരിഹാരം ലഭിക്കാതെ വലയുന്നു.
2016 ജൂണില്‍ തെരുവുനായ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ബിജുവിനെ 20 ലക്ഷത്തിലധികം രൂപ ചിലവാക്കി ചികിത്സിച്ചെങ്കിലും ഇപ്പോഴും കിടപ്പുരോഗിയായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കും ഉപജീവനത്തിനുമായി ബുദ്ധിമുട്ടുന്ന ബിജുവിന്റെ കുടുംബം നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലാണ്.സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മറ്റിയുടെ മൂന്നാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2017 മെയ് 31നു മുന്‍പായി നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതനുസരിച്ച് ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ട മാള ഗ്രാമപഞ്ചായത്ത് ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. എന്നാല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ബിജുവിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തിനകം നഷ്ടപരിഹാര തുകയുടെ 50 ശതമാനം കേരളസര്‍ക്കാര്‍ നല്‍കാന്‍ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തുക നല്‍കേണ്ടത് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനമാണെ് വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തള്ളി.
കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കാത്ത തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അജിത് കുമാറിനെതിരെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജീവിതമാര്‍ഗം വഴിമുട്ടിയ ബിജുവിനും കുടുംബത്തിനും നീതി ലഭിക്കുന്നതിനു വേണ്ടി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. കമ്മിഷന്‍ വിധി പ്രകാരം മാര്‍ച്ച് 8നു മുന്‍പ് സര്‍ക്കാര്‍ ബിജുവിന് നഷ്ടപരിഹാരം നല്‍കേണ്ടതാണ്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നല്‍കിയ കാലാവധി മാര്‍ച്ച് 13 ന് അവസാനിച്ചു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാതെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ തീരുമാനം.
നായ്ക്കളെ വന്ധീകരിച്ച് തെരുവുനായ പ്രശ്‌നത്തിന് അറുതി വരുത്താമെന്ന പേരില്‍ കുടുംബശ്രീ, പീപ്പിള്‍ ഫോര്‍ അനിമല്‍സ് തുടങ്ങിയ സംഘടനകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുമ്പോഴും അനാവശ്യമായ കേസുകളിലൂടെ സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തുമ്പോഴും തെരുവുനായ ആക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനോ ആക്രമണത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ തയാറാകാത്ത മനോഭാവം മാറണമെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സെക്രട്ടറിമാരായ ഡോ.ജോര്‍ജ്ജ് സ്ലീബ, ഷമീം റഫീക്ക്, ബിജുവിന്റെ അമ്മ ശാരദ, ഭാര്യ രജനി, മക്കളായ ആദിത്യ, അനുശ്രീ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."