കൊണ്ടോട്ടി ബൈപാസ് റോഡില്‍ ഓട നവീകരണം വീണ്ടും തുടങ്ങി
കൊണ്ടോട്ടി: കെട്ടിട ഉടമകള്‍ അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ നിലച്ച ഓട നവീകരണം വീണ്ടും തുടങ്ങി. മൂന്ന് കെട്ടിട ഉടമകള്‍ അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച ഭാഗങ്ങളാണ് ഇന്നലെ മുതല്‍ നവീകരണം ആരംഭിച്ചത്. കൊണ്ടോട്ടിയില്‍ നടപ്പാത സൗന്ദര്യവല്‍ക്കരണം ഒരുമാസം മുന്‍പ് തുടങ്ങിയെങ്കിലും അതിര്‍ത്തി പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്ന് സ്ലാബുകള്‍ പൂര്‍ണമായും നീക്കം ചെയ്ത് ഓടകള്‍ ശുചീകരിക്കാനും നടപ്പാത ഒരുക്കാനും കഴിഞ്ഞിരുന്നില്ല,.
കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗത്ത് 250 മീറ്റര്‍ നീളത്തിലാണ് ഓട നവീകരിക്കുന്നത്. ഓടയുടെ ഇരുവശവും റോഡ് നിരപ്പിനേക്കാള്‍ ഒന്നരയടി ഉയരം കൂട്ടി അതിന് മുകളില്‍ നടപ്പാത നിര്‍മിക്കാനാണ് പദ്ധതി. ദേശീയപാത വിഭാഗം 40 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.നടപ്പാതയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കും. റോഡില്‍നിന്ന് ഓടയിലേക്ക് മഴവെള്ളം ഒഴുകുന്നതിന് ഐറിഷ് മോഡല്‍ അഴുക്കുചാല്‍ സിസ്റ്റമാണ് സ്ഥാപിക്കുന്നത്.
ഓടയുടെ മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളക്കി മാറ്റി ഒരു ഭാഗം കോണ്‍ക്രീറ്റ് പൂര്‍ത്തിയായിട്ടുണ്ട്. സ്ലാബുകള്‍ നീക്കം ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നത് ഈഭാഗത്താണെന്ന് കണ്ടെത്തി. കെട്ടിടങ്ങളില്‍നിന്ന് മലിന ജലം ഓടയിലേക്ക് ഒഴുക്കുന്നതായും പ്ലാസ്റ്റിക് കുപ്പികളടക്കം ഓടയില്‍ മാലിന്യങ്ങളായി കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാനാണ് അധികൃതരുടെ തീരുമാനം. അതിനിടെ പ്രദേശത്ത് അതിര്‍ത്തി കൈയേറ്റമുണ്ടെങ്കില്‍ കണ്ടെത്തി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."