കേംബ്രിജ് അനലിറ്റിക്ക ബന്ധം: രാഷ്ട്രീയ വിവാദം വഴിത്തിരിവില്‍
ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്ക ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും കൊമ്പുകോര്‍ക്കുന്നതിനിടയില്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അനലിറ്റിക്കയുമായി ബി.ജെ.പി ബന്ധം പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസും നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യുവും ഇക്കാര്യത്തില്‍ തുല്യപങ്കാളികളാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്.
കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ (ഒ.ബി.ഐ) രേഖകളിലാണ് ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.യു എന്നീ പാര്‍ട്ടികള്‍ തങ്ങളുടെ ഇടപാടുകാരാണെന്ന് വ്യക്തമാക്കുന്നത്. 2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ജെ.ഡി.യു സഖ്യത്തിന് കേംബ്രിജ് അനലിറ്റിക്കയുടെ സഹായം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതും അവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലെ വാര്‍ത്താക്കുറിപ്പിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യയിലെ ഇടപെടലുകള്‍ വിവാദമായതിനു പിന്നാലെ ഒവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സിന്റെ പ്രാദേശിക സംരംഭമായ 'എസ്.സി.എല്‍ ഇന്ത്യ'യുടെ വെബ്‌സൈറ്റ് ഇന്ത്യ നീക്കം ചെയ്തു. ജെ.ഡി.യു നേതാവ് കെ.സി. ത്യാഗിയുടെ മകന്‍ അമരിഷ് ത്യാഗിയാണ് ഒവ്‌ലീന്റെ പിന്നിലുള്ളത്.
2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചെന്ന് കെ.സി ത്യാഗി വെളിപ്പെടുത്തിയിരുന്നു. 2010ലും 2011ലും ജാര്‍ഖണ്ഡില്‍ യൂത്ത് കോണ്‍ഗ്രസിനുവേണ്ടിയും പ്രവര്‍ത്തിച്ചു. ബി.ജെ.പിക്കായി നാലു തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയെന്നും മിഷന്‍ 272 എന്ന ടാര്‍ജറ്റ് നടപ്പാക്കിയെന്നും സാമൂഹ്യമാധ്യമമായ ലിങ്ക്ഡിനില്‍ ഒവ്‌ലീന്റെ ഡയരക്ടര്‍മാരില്‍ ഒരാളായ ഹിമാന്‍ഷു ശര്‍മ പറഞ്ഞിരുന്നു.
വിവാദം തുടങ്ങിയതോടെ ബി.ജെ.പിയുമായുള്ള ശര്‍മയുടെ ബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ ലിങ്ക്ഡിനിലെ സ്വന്തം പ്രൊഫൈലില്‍നിന്ന് ശര്‍മ നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 300 ഉദ്യോഗസ്ഥരും 1400 കണ്‍സള്‍ട്ടിങ് സ്റ്റാഫുമുള്ള എസ്.സി.എല്‍ ഇന്ത്യ 'സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്', 'രാഷ്ട്രീയ കാംപയിന്‍ നിയന്ത്രിക്കുക' തുടങ്ങിയ സേവനങ്ങളാണ് ഇന്ത്യയില്‍ നടത്തിവന്നിരുന്നത്.
അതിനിടയില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കേംബ്രിജ് അനലിറ്റിക്കയുടെ സഹായം കോണ്‍ഗ്രസ് തേടിയെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അനലിറ്റിക്കയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
എന്നാല്‍ അനലിറ്റിക്കയുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ അമിത് ഷായോ പ്രധാനമന്ത്രി മോദിയോ തയാറാകാത്തത് ബി.ജെ.പിയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."