യുദ്ധക്കൊതിയനെ സുരക്ഷാ ഉപദേഷ്ടാവാക്കി ട്രംപ് ; എച്ച്.ആര്‍ മക്മസ്റ്റര്‍ക്കു പകരം ജോണ്‍ ബോള്‍ട്ടനു നിയമനം
വാഷിങ്ടണ്‍: അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എച്ച്.ആര്‍ മക്മസ്റ്ററെ പുറത്താക്കിയതിനു പിറകെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തു. യുദ്ധ അനുകൂല നിലപാടിനു കുപ്രസിദ്ധിയാര്‍ജിച്ച ജോണ്‍ ബോള്‍ട്ടനെയാണു പകരം സ്ഥാനത്തേക്കു പരിഗണിച്ചിരിക്കുന്നത്. വിവിധ യു.എസ് ഭരണകൂടങ്ങളില്‍ ഉന്നത പദവി വഹിച്ച ഇദ്ദേഹം ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ കാലത്ത് അമേരിക്കയുടെ യു.എന്‍ അംബാസഡറുമായിരുന്നു. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെതിരായ സൈനിക നടപടിയിലേക്കും ഇറാഖ് അധിനിവേശത്തിലേക്കും നയിച്ച കൂട്ടനശീകരണായുധം കൈവശം വച്ചതായുള്ള ആരോപണം പടച്ചുണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ബോള്‍ട്ടന്‍. ഇറാനിനും ഉത്തര കൊറിയയ്ക്കുമെതിരേ സൈനിക നടപടി വേണമെന്ന് ഇപ്പോഴും ശക്തമായി വാദിക്കുകയും ചെയ്യുന്നു.
ജോണ്‍ ബോള്‍ട്ടന്റെ നിയമനവിവരം ട്രംപ് തന്നെ നേരിട്ട് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ഇതോടൊപ്പം മക്മസ്റ്ററിനു നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജോലിയില്‍ വളരെ മികച്ച പ്രകടനമാണ് മക്മസ്റ്റര്‍ കാഴ്ചവച്ചതെന്നും അദ്ദേഹം എപ്പോഴും തന്റെ സുഹൃത്തായി നിലനില്‍ക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. അടുത്ത മാസം ഒന്‍പതു മുതലാണു പുതിയ നിയമനം പ്രാബല്യത്തില്‍ വരിക. പ്രസിഡന്റ് ട്രംപുമായും മറ്റു മന്ത്രിസഭാ അംഗങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്ന് ജോണ്‍ ബോള്‍ട്ടന്‍ പ്രതികരിച്ചു. രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കാനും വിദേശത്ത് കൂടുതല്‍ ശക്തമാക്കാനും പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വിദേശകാര്യ നയങ്ങള്‍ തയാറാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് 69കാരനായ ബോള്‍ട്ടന്‍. യുദ്ധക്കൊതിയനും തീവ്രഗതിക്കാരനുമായാണു പൊതുവെ ബോള്‍ട്ടന്‍ അറിയപ്പെടുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്‍, ജോര്‍ജ് ബുഷ് സീനിയര്‍, ജോര്‍ജ് ഡബ്ല്യു. ബുഷ് തുടങ്ങിയവരുടെ ഭരണകൂടങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തില്‍ 14 മാസത്തിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്ന മൂന്നാമത്തെയാളാണ് ബോള്‍ട്ടന്‍. കഴിഞ്ഞയാഴ്ചയാണ് എച്ച്.ആര്‍ മക്മസ്റ്ററെ സ്ഥാനത്തുനിന്നു നീക്കിയത്. തൊട്ടുമുന്‍പ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെയും പുറത്താക്കിയിരുന്നു.
ടില്ലേഴ്‌സനു പകരം സി.ഐ.എ മുന്‍ ഡയരക്ടര്‍ മൈക്ക് പോംപിയോയെയാണു നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."