ഊരിലൊരു ഡോക്ടര്‍ പദ്ധതിയുമായി കുടുംബശ്രീ
കോഴിക്കോട്:പട്ടികവര്‍ഗ മേഖലയിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനു പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായി ഊരിലൊരു ഡോക്ടര്‍ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്. പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ പത്തിന് ചക്കിട്ടപാറയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും.
ആശുപത്രിയില്‍ വന്നു ചികിത്സിക്കാനും മരുന്നുകള്‍ വാങ്ങാനും വിമുഖത കാണിക്കുന്ന മേഖലയിലെ ആളുകള്‍ക്ക് അവരുടെ ഊരുകളില്‍ ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ചു കോളനികളില്‍ മാസത്തിലൊരിക്കല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും കുടുംബശ്രീ വളണ്ടിയര്‍ മുഖേന സൗജന്യമായി മരുന്നു വിതരണവും നടത്തുമെന്ന് കുടുംബശ്രീ ജില്ലാമിഷന് കോഡിനേറ്റര്‍ കവിത പി.സി അറിയിച്ചു.
പട്ടികവര്‍ഗ മേഖലയിലെ കലാരൂപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ജില്ലയില്‍ കലാ ട്രൂപ്പ് രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതായും അവര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി നടത്തുന്ന കുടുംബശ്രീ ട്രൈബല്‍ ഫെസ്റ്റ് നാളെ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ആദിവാസി നൃത്തം, കോല്‍ക്കളി, കൂളിയാട്ടം, തുടി, വട്ടക്കളി തുടങ്ങിയ കലാരൂപങ്ങളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."